പഞ്ചാബിന് പിന്നാലെ കൊൽക്കത്തയ്ക്കും ബാറ്റിങ് തകർച്ച
17 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി.
പഞ്ചാബിനെതിരേ മറുപടി ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച. 124 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തക്ക് 17 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (9) നിതീഷ് റാണ (0), സുനിൽ നരെയ്ൻ (0) എന്നിവരെയാണ് നഷ്ടമായത്. നിലവിൽ 15 റൺസുമായി രാഹുൽ ത്രിപാടിയും സുനിൽ 16 റൺസുമായി ഓയ്ൻ മോർഗനുമാണ് ക്രീസിൽ. നിലവിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ 84 ബോളിൽ 82 റൺസ് വേണം.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് ബാറ്റിങ് നിര തകർന്നടിഞ്ഞിരുന്നു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 123 റൺസാണ് പഞ്ചാബിന് നേടാനായത്. അവസാന ഓവറുകളിലെ ക്രിസ് ജോർദാന്റെ ബാറ്റിങ് ഒഴികെ ബാക്കിയുള്ളവരെല്ലാം സ്‌കോറിങ് വളരെ പതുക്കെയായിരുന്നു.
പഞ്ചാബ് ബാറ്റിങ് നിരയെ കൊൽക്കത്ത വരിഞ്ഞു മുറുക്കുകയായിരുന്നു. ഓപ്പണിങ് ഇറങ്ങിയ നായകൻ രാഹുലും മായങ്ക് അഗർവാളും കുറച്ചുസമയം പിടിച്ചു നിന്നെങ്കിലും പവർ പ്ലേ തീരുംമുമ്പ രാഹുൽ മടങ്ങി. വളരെ പതുക്കെയായിരുന്ന രാഹുലിന്റെ സ്‌കോറിങ്. 20 പന്തിൽ 19 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്. മായങ്ക് അഗർവാൾ 31 റൺസ് നേടിയെങ്കിലും അതിന് 34 പന്ത് കളിക്കേണ്ടി വന്നു. പിന്നീട് വന്ന ആർക്കു പിടിച്ചു നിൽക്കാനായില്ല. ഘോഷയാത്രപോലെ ഓരോരുത്തരും കൂടാരം കയറി. ക്രിസ് ഗെയിൽ (0), ദീപക്ക് ഹൂഡ (1), ഹെന്റികസ് (2), രവി ബിഷ്ണോയി (1), മുഹമ്മദ് ഷമി (0), അർഷദീപ് സിങ് (1) എന്നിവർക്ക് രണ്ടക്കം കാണാൻ സാധിച്ചില്ല.
ഇടക്ക് നിക്കോളാസ് പുരാൻ മാത്രമൊന്ന് മിന്നിക്കത്തി. പക്ഷേ 19 റൺസ് നേടാൻ അത്രയും തന്നെ പന്ത് പുരാനെടുത്തു. ഷാരൂഖ് ഖാനും സ്‌കോറിങ് പതുക്കെയായിരുന്നു. 14 പന്തിലാണ് ഷാരൂഖ് ഖാൻ 13 റൺസ് നേടിയത്. അവസാന ഓവറിൽ തകർത്തടിച്ച ക്രിസ് ജോർദാനാണ് പഞ്ചാബിനെ വലിയ ദുരന്തത്തിൽ നിന്ന് കരകയറ്റിയത്. ജോർദാൻ 18 പന്തിൽ 30 റൺസ് നേടി.
കൊൽക്കത്തയ്ക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറും സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ് എന്നിവർ 2 വിക്കറ്റും, ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.