പൊള്ളാർഡ് ആഞ്ഞടിച്ചു; അവസാന പന്തിൽ മുംബൈയ്ക്ക് ത്രസിപ്പിക്കുന്ന ജയം
19-ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ഹാർദികിനെയും ജെയിംസ് നീഷാമിനെയും മടക്കി സാം കറൺ ചെന്നൈയ്കക് പ്രതീക്ഷ പകർന്നെങ്കിലും പോളാർഡ് ഒറ്റക്ക് മത്സരം കൈയിലെടുക്കുകയായിരുന്നു.
ഐ.പി.എല്ലിലെ കരുത്തരുടെ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മുന്നോട്ടുവെച്ച 219 റൺസ് അവസാന പന്തിൽ മറികടന്ന് മുംബൈ ഇന്ത്യൻസ്. ഫാഫ് ഡുപ്ലസ്സി (50), മുഈൻ അയലി (58), അമ്പാട്ടി റായുഡു (72 നോട്ടൗട്ട്) എന്നിവരുടെ അർധസെഞ്ച്വറിയുടെ ബലത്തിൽ ചെന്നൈ 218 റൺസ് അടിച്ചുകൂട്ടിയപ്പോൾ കീറൺ പോളാർഡിന്റെ (87 നോട്ടൗട്ട്) വീരോചിത പ്രകടമാണ് നീലപ്പടക്ക് ജയം സമ്മാനിച്ചത്.
ടോസ് നഷ്ടമായി ബാറ്റ് ചെയ്യേണ്ടി വന്ന ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റൺസെടുത്തു. അമ്പാട്ടി റായിഡു, മോയിൻ അലി, ഫാഫ് ഡു പ്ലെസി എന്നിവരുടെ അർദ്ധ ശതകങ്ങളുടെ മികവിലാണ് ചെന്നൈ കൂറ്റൻ സ്‌കോർ കുറിച്ചത്. ഗെയ്ക്വാദിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഫാഫ് ഡു പ്ലെസിയും മോയിൻ അലിയും ചേർന്ന് രണ്ടാം വിക്കറ്റിൽ അടിച്ച് തകർത്തപ്പോൾ മുംബൈയുടെ ബൗളർമാർ തലയിൽ കൈവെക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 108 റൺസാണ് അടിച്ചുകൂട്ടിയത്. 36 പന്തിൽ 58 റൺസ് നേടിയ മോയിൻ അലിയുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് ആദ്യം നഷ്ടമായത്. ജസ്പ്രീത് ബുംറയാണ് കൂട്ടുകെട്ട് പിരിച്ചത്.
മാസ്റ്റര്‍ക്ലാസ് ചെന്നൈ
കീറൺ പൊള്ളാർഡിനെ രോഹിത് പന്ത് ഏൽപ്പിച്ചതോടെ അടുത്തടുത്ത പന്തുകളിൽ ഫാഫ് ഡു പ്ലെസിയെയും സുരേഷ് റെയ്‌നയെയും ചെന്നൈയ്ക്ക് നഷ്ടമായി. ഡുപ്ലസി 28 പന്തിൽ 50 റൺസെടുത്ത ശേഷമാണ് പുറത്തായത്. ഡുപ്ലസിയുടെ വക നാലും മോയിൻ അലിയുടെ വക അഞ്ചും സിക്‌സറുകളാണ് ചെന്നൈ ഇന്നിങ്‌സിൽ പിറന്നത്. തുടരെ വിക്കറ്റുകൾ വീണതോടെ 112/1 എന്ന നിലയിൽ നിന്ന് 116/4 എന്ന നിലയിലേക്ക് വീണ ചെന്നൈയെ അവസാന ഓവറുകളിൽ അമ്പാട്ടി റായിഡുവിൻറെ തീപ്പൊരി പ്രകടനമാണ് 200 കടത്തിയത്. 20 പന്തിൽ നിന്ന് അർദ്ധ ശതകം തികച്ച അമ്പാട്ടി റായിഡു കളി അവസാനിക്കുമ്പോൾ 27 പന്തിൽ ഏഴ് സിക്‌സറും നാല് ബൌണ്ടറിയും ഉൾപ്പടെ 72 റൺസ് നേടി പുറത്താകാതെ നിന്നു. ഈ സീസണിലെ തൻറെ ഏറ്റവും മികച്ച പ്രകടനമാണ് റായിഡു പുറത്തെടുത്തത്. 49 പന്തിൽ 102 റൺസാണ് അഞ്ചാം വിക്കറ്റിൽ റായിഡു - ജഡേജ കൂട്ടുകെട്ട് നേടിയത്. ഇതിൽ ജഡേജ 22 പന്തിൽ 22 റൺസ് നേടി പുറത്താകാതെ നിന്നു.
അതുക്കുംമേലെ മുംബൈ
അസാധ്യമെന്ന് തോന്നിച്ച ടോട്ടലിലേക്ക് ബാറ്റ് വീശിയ മുംബൈക്ക് രോഹിത് ശർമയും (35) ക്വിന്റൺ ഡികോക്കും (38) ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. എന്നാൽ എന്നാൽ തുടർച്ചയായ ഓവറുകളിൽ രോഹിതിനെയും സൂര്യകുമാർ യാദവിനെയും (3) ഡികോക്കിനെയും നഷ്ടമായതോടെ മുംബൈ തകർച്ച മുന്നിൽ കണ്ടു. എന്നാൽ ഇവിടെ നിന്ന് ക്രുണാൽ പാണ്ഡ്യയും (32) പോളാർഡും ചേർന്ന സഖ്യം ടീമിന്റെ പ്രതീക്ഷകളെ ചുമലിലേറ്റുകയായിരുന്നു. 9.4 ഓവറിൽ മൂന്നിന് 81 എന്ന നിലയിൽ ഒരുമിച്ച ഈ സഖ്യം 16.3 ഓവറിൽ പിരിയുമ്പോൾ സ്‌കോർ ബോർഡിൽ 170 റൺസെത്തിയിരുന്നു. ക്രുണാൽ മടങ്ങിയ ശേഷം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയും (16) പോളാർഡിന് മികച്ച പിന്തുണ നൽകി.
19-ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ഹാർദികിനെയും ജെയിംസ് നീഷാമിനെയും മടക്കി സാം കറൺ ചെന്നൈയ്കക് പ്രതീക്ഷ പകർന്നെങ്കിലും പോളാർഡ് ഒറ്റക്ക് മത്സരം കൈയിലെടുക്കുകയായിരുന്നു. ജയിക്കാൻ 16 റൺസ് ആവശ്യമായ അവസാന ഓവറിൽ ലുങ്കി എൻഗിഡിയെ നേരിട്ട വിൻഡീസ് താരം രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 34 പന്തിൽ ആറ് ബൗണ്ടറിയും എട്ട് സിക്‌സറുമടങ്ങിയ വിന്നിങ് ഇന്നിങ്‌സ് കളിച്ച പോളാർഡ് തന്നെയാണ് കളിയിലെ കേമൻ.