ലക്ഷ്യം കാണുന്നില്ല; അനിൽ കുംബ്ലെയുമായി വഴി പിരിയാൻ പഞ്ചാബ് കിങ്‌സ്
2014ലാണ് ഇതിനു മുമ്പ് പഞ്ചാബ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്
മുംബൈ: ഐപിഎല്ലിൽ തുടർച്ചയായി പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിയാത്ത സാഹചര്യത്തിൽ മുഖ്യപരിശീലകൻ അനിൽ കുംബ്ലെയെ നീക്കാൻ പഞ്ചാബ് കിങ്‌സ്. മൂന്നു വർഷമായിരുന്നു കുംബ്ലെയുടെ കാലാവധി. വരുന്ന സെപ്തംബറിൽ കരാർ കാലാവധി അവസാനിക്കും. താരവുമായി കരാർ പുതുക്കേണ്ടതില്ല എന്നാണ് മാനേജ്‌മെന്റ് നിലപാട്.
2014ലാണ് ഇതിനു മുമ്പ് പഞ്ചാബ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. മുൻ ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗനെയാണ് കുംബ്ലെയ്ക്ക് പകരമായി പഞ്ചാബ് കണ്ടുവച്ചിട്ടുള്ളത്. ഈയിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ച മോർഗനുവേണ്ടി സൺ റൈസേഴ്‌സ് ഹൈദരാബാദും രംഗത്തുണ്ട്. 2012,2014 വർഷങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരിശീലിപ്പിച്ച ഇംഗ്ലണ്ട് മുൻ കോച്ച് ട്രവർ ബേലിസും പരിഗണനയിലുണ്ട്. മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയെ സമീപിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ പുതിയ കോച്ചിനെ പ്രഖ്യാപിച്ചേക്കും. കുംബ്ലേയ്ക്ക് കീഴിൽ 42 മത്സരങ്ങളിൽനിന്ന് 19 ജയമാണ് ടീം നേടിയത്. ശിഖർ ധവാൻ, ലിവിങ്സ്റ്റൺ, ബെയര്‍സ്റ്റോ, കാസിഗോ റബാഡ തുടങ്ങിയ വൻ താരങ്ങൾ കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്നെങ്കിൽ ആറാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.