'ഞാൻ അയാളുടെ കോച്ചായിരുന്നെങ്കിൽ...'; കെ.എൽ രാഹുലിനെതിരെ തുറന്നടിച്ച് മഞ്ജരേക്കർ
"കോലിക്കും ധോണിക്കും രോഹിത് ശർമയ്ക്കുമെല്ലാം ഉള്ള ആ ഗുണം രാഹുലിനില്ല."
ഐ.പി.എൽ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റ് ലഖ്‌നൗ സൂപ്പർജയന്റ്‌സ് പുറത്തായതിനു പിന്നാലെ, ലഖ്‌നൗ നായകൻ ലോകേഷ് രാഹുലിനെതിരെ തുറന്നടിച്ച് ടെലിവിഷൻ കമന്റേറ്ററും നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കർ. നിർണായക മത്സരത്തിൽ രാഹുലിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് ലഖ്‌നൗ ടീമിന്റെ തോൽവിക്ക് കാരണമായതെന്നും താരം ശൈലി മാറ്റേണ്ടത് അനിവാര്യമാണെന്നും മഞ്ജരേക്കർ പറഞ്ഞു. ഇ.എസ്.പി.എൻ ക്രിക്ഇൻഫോയുടെ 'ടൈംഔട്ട്' പ്രോഗ്രാമിൽ സംസാരിക്കവെയായിരുന്നു മഞ്ജരേക്കറുടെ പരാമർശങ്ങൾ.
ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂർ മുന്നോട്ടുവെച്ച 208 വിജയലക്ഷ്യത്തിനെതിരെ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ഓപണറായിറങ്ങിയ രാഹുൽ 58 പന്തിൽ 79 റൺസ് നേടി ടീമിന്റെ ടോപ് സ്‌കോററായി. 19-ാം ഓവറിലെ നാലാം പന്തിലാണ് താരം പുറത്താവുന്നത്.
'ചേസ് ചെയ്യുമ്പോൾ ലക്ഷ്യത്തിനു മുമ്പ് അവസാനിക്കുന്ന രാഹുലിന്റെ ഇന്നിങ്‌സ് മുമ്പും നമ്മൾ കണ്ടിട്ടുണ്ട്. അവസാന ഘട്ടത്തിൽ രാഹുൽ പുറത്തായപ്പോൾ പിന്നീട് വന്ന എവിൻ ലൂയിസ്, കൃണാൽ പാണ്ഡ്യ, മാർക്കസ് സ്റ്റോയ്‌നിസ് എന്നിവർ കുറച്ചു പന്തുകളേ കളിക്കാൻ കിട്ടിയുള്ളൂ. വലിയ ഷോട്ടുകൾ കളിക്കാൻ കഴിവുള്ള താരം തന്നെയാണ് രാഹുൽ. ഹേസൽവുഡിനെതിരെ ഒന്നുരണ്ട് മികച്ച ഷോട്ടുകൾ അയാൾ കളിക്കുകയും ചെയ്തു.' - മഞ്ജരേക്കർ പറഞ്ഞു.
'പക്ഷേ, വേഗത്തിൽ റൺസെടുക്കുക എന്നതിനേക്കാൾ കൂടുതൽ സമയം കളിക്കുകയാണ് വേണ്ടത് എന്നൊരു വിശ്വാസവും തീരുമാനവും രാഹുലിന്റെ ഉള്ളിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഞാൻ അയാളുടെ കോച്ചായിരുന്നെങ്കിൽ ഈ തീരുമാനം അയാളിൽ നിന്ന് എടുത്തുകളയുമായിരുന്നു. നിങ്ങൾ ടീമിന്റെ ക്യാപ്ടനാവുമ്പോൾ റിസൾട്ടുണ്ടാക്കുകയാണ് പ്രധാനപ്പെട്ട കാര്യം. കുറെ നേരം ക്രീസിൽ നിൽക്കുന്നതിനു പകരം വേഗതയിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ ടീമിന് കൂടുതൽ ഗുണം ലഭിക്കുമായിരുന്നു...'
'വിരാട് കോലിയും മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമയുമെല്ലാം ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരാണ്. കെ.എൽ രാഹുലിന് അതിന് കഴിയുന്നില്ല. ഞാനായിരുന്നു കോച്ചെങ്കിൽ, ജയിക്കുന്നതുവരെ കളിക്കുന്നതിനു പകരം അടിച്ചുതകർക്കാനാവും രാഹുലിനെ ഉപദേശിക്കുക. പതിനാറും പതിനേഴും ഓവർ വരെ 120-125 സ്‌ട്രൈക്ക് റേറ്റിൽ കളിക്കുക എന്നത് അപകടകരമാണ്.'
'രാഹുൽ കുറച്ചുനേരത്തെ, 13 -14 ഓവറിൽ ഔട്ടായിരുന്നെങ്കിൽ പല മത്സരങ്ങളിലും മറ്റ് ബാറ്റ്‌സ്മാന്മാർക്ക് നന്നായി കളിക്കാനും മത്സരം അനുകൂലമാക്കാനും കഴിയുമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്.'
ഐ.പി.എല്ലിലെ ആദ്യസീസൺ കളിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മൂന്നാം സ്ഥാനക്കാരായാണ് പ്ലേഓഫിന് യോഗ്യത നേടിയത്. 15 മത്സരങ്ങളിൽ നിന്ന് 616 റൺസോടെ ലോകേഷ് രാഹുൽ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് സെഞ്ച്വറികളും നാല് അർധസെഞ്ച്വറികളും നേടിയ താരത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ് 135.38 ആണ്.