'ഞാൻ അവന്റെ ആരാധകൻ, പക്ഷേ..'; സഞ്ജുവിനെ കുറിച്ച് വിൻഡീസ് ഇതിഹാസം
ഈ സീസണിൽ രണ്ടാം തവണയാണ് സഞ്ജു വാനിന്ദു ഹസരങ്കയ്ക്ക് മുമ്പിൽ കീഴടങ്ങുന്നത്.
മുംബൈ: രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകൻ സഞ്ജു സാംസണെ വിമർശിച്ച് വെസ്റ്റ് ഇൻഡീസ് മുൻ താരം ഇയാൻ ബിഷപ്പ്. അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള അവസരങ്ങൾ സഞ്ജു നഷ്ടപ്പെടുത്തുകയാണെന്ന് ബിഷപ്പ് പറഞ്ഞു. ഇഎസ്പിഎൻ ക്രിക് ഇൻഫോയുടെ ടി20 ടൈം ഔട്ട് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സഞ്ജു മികച്ച ഫോം കളഞ്ഞുകുളിക്കുകയാണ്. അന്താരാഷ്ട്ര ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള നല്ല അവസരങ്ങളും നഷ്ടപ്പെടുത്തുന്നു. ജോസ് ബട്‌ലർ പരാജയപ്പെടുമ്പോൾ ബാറ്റിങ്ങിന് നേതൃത്വം കൊടുക്കേണ്ടത് സഞ്ജുവായിരുന്നു' - വിന്‍ഡീസ് ഇതിഹാസം പറഞ്ഞു.
രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ മികച്ച തുടക്കം കിട്ടിയിട്ടും 21 പന്തിൽ നിന്ന് 27 റൺസെടുത്തു നിൽക്കവെ സഞ്ജു പുറത്താകുകയായിരുന്നു. ലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് താരം പുറത്തായത്.
'സഞ്ജു ഫോം ഔട്ടല്ല. എന്നാൽ ഹസരങ്കയുമായുള്ള മത്സരത്തെ കുറിച്ച് സഞ്ജുവിന് നന്നായി അറിയാം. ഞാൻ സഞ്ജുവിന്റെ ആരാധകനാണ്. എന്നാൽ ഷോട്ട് സെലക്ഷനിൽ പരാജിതനായി മികച്ച ഫോം പാഴാക്കുകയാണ് അവൻ' - ബിഷപ്പ് കൂട്ടിച്ചേർത്തു.
അതേ സമയം, കളി തനിക്ക് തീർത്തും അനായാസമാണെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ് സഞ്ജുവെന്ന് തോന്നുന്നതായി ന്യൂസീലൻഡ് മുൻ നായകന്‍ ഡാനിയൽ വെട്ടോറി പ്രതികരിച്ചു. 'എനിക്ക് എല്ലാ ഷോട്ടുകളും കളിക്കാൻ സാധിക്കുമെന്നു തെളിയിക്കാനാണു സഞ്ജു ശ്രമിക്കുന്നതെന്നു തോന്നും. തകർത്തടിക്കുമ്പോഴാണ് സഞ്ജു ഏറ്റവും അപകടകാരിയാകുന്നത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ ഇതു രണ്ടാം തവണയാണ് സഞ്ജു വാനിന്ദു ഹസരങ്കയ്ക്ക് മുമ്പിൽ കീഴടങ്ങുന്നത്. ടി20 ക്രിക്കറ്റിൽ അഞ്ചാം തവണയും. ആറു ഇന്നിങ്‌സുകളിലാണ് ഇരുവരും നേർക്കുനേർ വന്നത്.
Summary: Former West Indies speedster Ian Bishop reckons Rajasthan Royals malayali skipper Sanju Samson is wasting his good form and opportunity to press for a recall in the Indian T20 set up by not playing impactful innings in the IPL.