ശേഷിക്കുന്ന മത്സരങ്ങൾ നടത്താൻ ഇവിടം സജ്ജം; ഐ. പി.എല്ലിന് വേദിയാകാമെന്ന് ശ്രീലങ്ക
ലങ്കന്‍ പ്രീമിയര്‍ ലീഗിന് ശേഷം സെപ്റ്റംബറില്‍ ഐ.പി.എൽ പുനരാരംഭിക്കാം എന്ന നിർദേശമാണ് ശ്രീലങ്ക ബി.സി.സി.ഐക്ക് മുന്നില്‍വെച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് നിര്‍ത്തിവെച്ചിരിക്കുന്ന ഐ.പി.എൽ പുനരാരംഭിക്കാൻ സാഹചര്യം ഒരുക്കാമെന്നറിയിച്ച് ശ്രീലങ്ക. ശേഷിക്കുന്ന ഐ.പി.എൽ മത്സരങ്ങള്‍ക്ക് വേദിയാകാൻ താൽപര്യം പ്രകടപ്പിച്ചാണ് ക്രിക്കറ്റ് ശ്രീലങ്ക രംഗത്തുവന്നിരിക്കുന്നത്. ശ്രീലങ്കൻ പ്രീമിയര്‍ ലീഗിന് ശേഷം സെപ്റ്റംബറില്‍ ഐ.പി.എൽ പുനരാരംഭിക്കാം എന്ന നിർദേശമാണ് ശ്രീലങ്ക ബി.സി.സി.ഐക്ക് മുന്നില്‍വെച്ചിരിക്കുന്നത്.
'സെപ്റ്റംബര്‍ മാസത്തില്‍ ഐ.പി.എൽ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഞങ്ങൾക്ക് സാധിക്കും. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായാണ് ശ്രീലങ്കൻ പ്രീമിയര്‍ ലീഗ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഐ.പി.എല്ലിനായുള്ള മൈതാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സെപ്റ്റംബറോടെ സജ്ജമാക്കാൻ ഞങ്ങള്‍ക്ക് കഴിയും.' ശ്രീലങ്ക ക്രിക്കറ്റ് മാനേജിംഗ് കമ്മിറ്റി മേധാവിയായ അര്‍ജുന ഡിസില്‍വ പറഞ്ഞു.
എന്നാല്‍ ഈ ഓഫറിനോട് ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ടി20 ലോക കപ്പിനു മുന്‍പായി ഐ.പി.എല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ നടത്താനാണ് ബി.സി.സി.ഐ ശ്രമം. പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം യു.എ.ഇയിൽ ബാക്കി മത്സരങ്ങൾ നടത്താനാകും ബി.സി.സി. ഐ ശ്രമം. മുൻപ് ഐ.പി.എൽ വിജയകരമായി നടത്താൻ കഴിഞ്ഞു എന്നതും ബി.സി.സി. ഐയെ സംബന്ധിച്ച് യു.എ. ഇയെ ഇഷ്ട സാധ്യതയായി പരിഗണിക്കാൻ കാരണമാകും.
29 മത്സരങ്ങളാണ് ഇതുവരെ ഈ ഐ.പി.എൽ സീസണിൽ കളിക്കാൻ ആയത്. 31ലീഗ് മത്സരങ്ങളും നോക്ക്ഔട്ട് മത്സരങ്ങളും ബാക്കിയാണ്. നിലവിലെ പോയിന്റ് ടേബിൾ അനുസരിച്ച് ഡൽഹി ക്യാപിറ്റൽസ് ആണ് ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. എട്ട് മത്സരങ്ങളിൽ നിന്നായി ഡൽഹിക്ക് ആറ് വിജയവും രണ്ട് തോൽവിയും ഉൾപ്പടെ 12 പോയിന്റ് ആണുള്ളത്. 10 വീതം പോയിന്റുമായി ചെന്നൈയും ബാംഗ്ലൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. മുംബൈ ഇന്ത്യൻസ് ആണ് നാലാം സ്ഥാനത്ത്. ഏഴ് കളികളിൽ നിന്നായി ഒറ്റ മത്സരം മാത്രം ജയിക്കാനായ സൺ റൈസേഴ്സ് ആണ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്ത്.