വരുമോ സ്പാനിഷ്-അർജന്റൈൻ മുന്നേറ്റനിര; അൽവാരോ വാസ്‌ക്വിസ് ബ്ലാസ്റ്റേഴ്സിലേക്ക്
ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്ന നാലാമത്തെ വിദേശതാരമാണ് വാസ്‌ക്വിസ്
കൊച്ചി: അർജന്റീനൻ താരം ജോർജ് പെരേര ഡയസിന് പിന്നാലെ സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വിസിനെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒരു വർഷത്തെ കരാറിലാണ് മുപ്പതുകാരൻ ക്ലബിലെത്തുക എന്ന് സ്പാനിഷ് കായിക മാധ്യമമായ മാഴ്‌സ റിപ്പോർട്ട് ചെയ്തു. സെഗുണ്ട ഡിവിഷനിലെ സ്‌പോടിങ് ഡെ ജിജോൻ താരമാണ് വാസ്‌ക്വിസ്.
എസ്പന്യോൾ, ഗറ്റാഫെ, സ്വാൻസിറ്റി, ജിംനാസ്റ്റിക്, സരഗോസ ക്ലബുകൾക്കായി കളിച്ച താരം 284 മത്സരങ്ങളിൽ നിന്ന് 57 ഗോളാണ് നേടിയിട്ടുള്ളത്. 2013ൽ അണ്ടർ 21 യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്‌പെയിനിനു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്ന നാലാമത്തെ വിദേശതാരമാണ് വാസ്‌ക്വിസ്. ഓസീസ് മധ്യനിര താരം അഡ്രിയാൻ ലൂന, ബോസ്നിയൻ ഡിഫൻഡർ എനസ് സിപോവിച്ച്, അർജന്റീനൻ താരം ജോർജ് പെരേര ഡയസ് (കരാർ ഒപ്പുവച്ചിട്ടില്ല) എന്നിവരാണ് മറ്റുള്ളവർ. ലൂന മെൽബൺ സിറ്റിയിൽ നിന്നും സിപോവിച്ച് ചെന്നൈയിൻ എഫ്സിയിൽ നിന്നുമാണ് വരുന്നത്. ഹർമൻജോത് ഖബ്ര, സഞ്ജീവ് സ്റ്റാലിൻ, വിൻസി ബരറ്റോ, റുവ ഹോർമിപാം തുടങ്ങിയ ആഭ്യന്തര സൈനിങ്ങുകളും ക്ലബ് നടത്തിയിട്ടുണ്ട്.
അർജന്റീനയിൽ നിന്ന് ജോർജ് ഡയസ്
അർജന്റീനയുടെ ജോർജ് പെരേര ഡയസുമായും ബ്ലാസ്‌റ്റേഴ്‌സ് വൈകാതെ കരാർ ഒപ്പുവയ്ക്കും. ബ്യൂണസ് അയേഴ്സ് ആസ്ഥാനമായ അത്ലറ്റികോ പ്ലസ്റ്റെൻസിന് വേണ്ടി കളിക്കുന്ന ഡയസ് ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് യുവാൻ അരാങ്കോ അടക്കമുള്ളവർ ട്വീറ്റ് ചെയ്തു. 'മികച്ച തെരഞ്ഞെടുപ്പ്' എന്നാണ് സൈനിങ്ങിനെ അരാങ്കോ വിശേഷിപ്പിച്ചത്.
ഒരു വർഷത്തേക്കാണ് കരാർ എന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരിയറിൽ 196 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 76 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. പ്ലാറ്റെൻസിനു വേണ്ടി 11 കളിയിൽ നിന്ന് രണ്ടു ഗോളാണ് നേടിയിട്ടുള്ളത്. മലേഷ്യൻ ക്ലബായ ജൗഹറിലാണ് ഡയസ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. അമ്പതിലധികം ഗോളുകൾ സ്വന്തമാക്കിയ താരം ക്ലബ് നേടിയ രണ്ട് സൂപ്പർ ലീഗ് കിരീടങ്ങളിൽ നിർണായക സാന്നിധ്യമായി.