ബ്ലാസ്‌റ്റേഴ്‌സിൽ തന്നെയുണ്ടാകും, എവിടേക്കും പോകുന്നില്ലെന്ന് അഡ്രിയാൻ ലൂണ

ഈ സീസണിലെ ഏറ്റവും മികച്ച മധ്യനിര താരമായാണ് ലൂണ വിശേഷിപ്പിക്കപ്പെടുന്നത്

Update: 2022-02-04 07:06 GMT
Editor : abs | By : Web Desk
Advertising

പനാജി: ഐ.എസ്.എല്ലിൽ മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുറഗ്വായ് മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ. ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറുണ്ടെന്നും അടുത്ത സീസണിലും ഇവിടെത്തന്നെയുണ്ടാകുമെന്നും താരം വ്യക്തമാക്കി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായുള്ള മത്സരത്തിന് മുമ്പോടിയായുള്ള വിർച്വൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്ക് ക്ലബുമായി രണ്ടു വർഷത്തെ കരാറുണ്ട്. അടുത്ത സീസണിലും ബ്ലാസ്‌റ്റേഴ്‌സിൽ തന്നെയുണ്ടാകും. എല്ലാ വിദേശതാരങ്ങളും ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഞങ്ങൾ ടീമിന്റെ പ്രധാനഭാഗമായി തന്നെയുണ്ടാകും' - ലൂണ പറഞ്ഞു. ആസ്‌ത്രേലിയൻ എ ലീഗിലെ മെൽബൺ സിറ്റി എഫ്‌സിയിൽ നിന്നാണ് ലൂണ കേരള ടീമിലെത്തിയത്. 

ഈ സീസണിലെ ഏറ്റവും മികച്ച മധ്യനിര താരമായാണ് ലൂണ വിശേഷിപ്പിക്കപ്പെടുന്നത്. രണ്ടു ഗോളുകളും ആറു അസിസ്റ്റുകളും 64 ടാക്കിളുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

അതിനിടെ, ബംഗളൂരു എഫ്‌സിയുമായുള്ള തോൽവിക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഇന്നു വീണ്ടും കളത്തിലിറങ്ങുകയാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് ഖാലിദ് ജമീലിന്റെ ടീം. ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും. കോവിഡ് മൂലം നഷ്ടപ്പെട്ട 15 ദിവസങ്ങൾക്കു ശേഷം വേണ്ടത്ര പരിശീലനമില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെതിരെ കളത്തിലിറങ്ങിയിരുന്നത്. അത് ടീമിന്റെ പ്രകടനത്തെ ബാധിച്ചു. നീണ്ട പത്തു മത്സരത്തിൽ തോൽവിയറിയാതെയുള്ള മുന്നേറ്റമാണ് ബംഗളൂരുവിനെതിരെ അവസാനിച്ചത്. വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കോച്ച് ഇവാൻ വുകുമനോവിച്ചും സംഘവും.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News