റഫറിമാരെ കൊണ്ട് തോറ്റു; അടുത്ത ഐഎസ്എല്ലിൽ വരുന്നൂ, വാർ
റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബംഗളൂരു എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടത് വലിയ ചർച്ചയായിരുന്നു
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) അടുത്ത സീസൺ മുതൽ വാർ-ലൈറ്റ് സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡണ്ട് കല്യാൺ ചൗബേ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ചൗബേ ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്പിൽ അടക്കം അന്താരാഷ്ട്ര മത്സരങ്ങളിൽ ഉപയോഗിക്കുന്ന വാറിനേക്കാള്‍ (വീഡിയോ അസിസ്റ്റന്‍റ് റഫറി) ചെലവു കുറഞ്ഞ സംവിധാനമാണ് വാര്‍-ലൈറ്റ്. ഐഎസ്എല്ലിൽ റഫറിമാരുടെ നിലവാരത്തെ കുറിച്ച് ചർച്ചകൾ സജീവമായി നിൽക്കുന്ന ഘട്ടത്തിലാണ് ഫെഡറേഷന്റെ ആലോചന.
ശനിയാഴ്ച നടന്ന ഐഎസ്എൽ ഫൈനലിലും റഫറീയിങ്ങിനെതിരെ പരാതി ഉയര്‍ന്നിരുന്നു. മോഹൻ ബഗാന്റെ രണ്ടാം ഗോളിന് കാരണമായ പെനാൽറ്റി റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് ബംഗളൂരു ആരോപിക്കുന്നത്. ഇന്ത്യൻ ഫുട്‌ബോളിൽ വാർ സംവിധാനം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്ന് ക്ലബ് ഉടമ പാർഥ് ജിൻഡാൽ പ്രതികരിച്ചിരുന്നു. നിശ്ചിത സമയത്ത് 2-2ന് സമനിലയിലായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് ബഗാൻ ജയിച്ചത്.
കഴിഞ്ഞ മാസം ബെൽജിയം സന്ദർശന വേളയിൽ വാർ ലൈറ്റ് സംവിധാനത്തിന്റെ സാധ്യതകൾ കല്യാൺ ചൗബേ ആരാഞ്ഞിരുന്നു. ഇതിനായി ബെൽജിയം ഫുട്‌ബോൾ ആസ്ഥാനം അദ്ദേഹം സന്ദർശിക്കുകയും ചെയ്തു. ബെൽജിയത്തിന്റെ വാർ സംവിധാനം ചെലവു ചുരുങ്ങിയതാണെന്ന് ചൗബേ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'അവരുടെ ആസ്ഥാനത്ത് 16 മോണിറ്ററുകളും നാല് ആളുകളുമാണ് ഉള്ളത്. ഇന്ത്യയ്ക്ക് ധാരാളം ഐടി വിദഗ്ധരുണ്ട്. അവരുടെ സഹായം ലഭിച്ചാൽ ബെൽജിയത്തിന്റേതു പോലെ നമ്മുടേതായ വാർ ലൈറ്റ് സംവിധാനം കൊണ്ടുവരാനാകും.' - അദ്ദേഹം കൂട്ടിച്ചേർത്തു.
2020ൽ ഐഎസ്എല്ലിൽ വാർ നടപ്പാക്കുന്നതിനെ കുറിച്ച് എഐഎഫ്എഫ് ആലോചിച്ചിരുന്നു. എന്നാൽ ഭീമമായ ചെലവാണ് ഫെഡറേഷനെ അതിൽനിന്ന് പിന്തിരിപ്പിച്ചത്. ഒരു മത്സരത്തിൽ 18-20 ലക്ഷമാണ് വാറിന് വേണ്ട ചെലവ്. സീസണിൽ 15-20 കോടി രൂപയും. ഓഫ് സൈഡ്, മറ്റു പിഴവുകൾ എന്നിവ കണ്ടെത്താൻ നാലു ക്യാമറകളെങ്കിലും വാറിനായി സ്ഥാപിക്കണം എന്നാണ് ഫിഫ ചട്ടം. കൂടുതല്‍ മാച്ച് ഒഫീഷ്യല്‍സും മോണിറ്ററുകളും ആവശ്യമാണ്.
ഈ സീസണിൽ ബംഗളൂരു എഫ്‌സിക്കെതിരെയുള്ള നോക്കൗട്ട് മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. റഫറി ക്രിസ്റ്റൽ ജോണിനെതിരെയായിരുന്നു ക്ലബിന്റെയും ആരാധകരുടെയും പ്രതിഷേധം. വിഷയം ഇപ്പോള്‍ ഫുട്ബോള്‍ ഫെഡറേഷന് മുമ്പിലാണ്.
Summary: Inspired by Belgium, AIFF likely to use var in isl