ഹൂപ്പർ, മറെ, ഫാക്കുണ്ടോ... എല്ലാ വിദേശ കളിക്കാരും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

ഈയിടെ ക്ലബിന്‍റെ പുതിയ കോച്ചായി ഇവാൻ വുകോമനോവിച്ച് സ്ഥാനമേറ്റിരുന്നു

Update: 2021-06-11 17:09 GMT
Editor : abs | By : Sports Desk
Advertising

കൊച്ചി: ഐഎസ്എൽ ഏഴാം സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടുകെട്ടിയ എല്ലാ വിദേശ കളിക്കാരും ക്ലബ് വിട്ടു. വിസന്റെ ഗോമസ്, ഗാരി ഹൂപ്പർ, ഫാക്കുണ്ടോ പെരേര, ജോർഡാൻ മറെ, ബക്കാരി കോനെ, കോസ്റ്റ നമോയൻസു എന്നിവരുമായുള്ള കരാർ ആണ് ക്ലബ് അവസാനിപ്പിച്ചത്. പുതിയ കോച്ചായി ഇവാൻ വുകോമനോവിച്ച് സ്ഥാനമേറ്റതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ക്ലബിന്റെ തീരുമാനം.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു. തുടർതോൽവികൾക്കിടെ കോച്ച് കിബു വിക്കുന രാജിവച്ചതും ക്ലബിന് തിരിച്ചടിയായി. ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ഗാരി ഹൂപ്പറിന് പെരുമയ്‌ക്കൊത്ത് ഉയരാനായില്ല. ഓസീസ് താരം ജോർദാൻ മറെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റൊരു ഐഎസ്എൽ ക്ലബിലേക്ക് താരം കൂടുമാറിയേക്കുമെന്നാണ് റിപ്പോർട്ട്. 

പ്രതിരോധ നിരയിൽ കോസ്റ്റയും കോനെയും അമ്പേ നിറം മങ്ങി. കഴിഞ്ഞ സീസണിൽ 23 ഗോളുകൾ ടീം നേടിയപ്പോൾ 36 ഗോൾ വഴങ്ങേണ്ടി വന്നു. മധ്യനിരയിൽ വിസന്റെയുടെയും ഫാക്കുണ്ടോയുടെയും പ്രകടനം ശരാശരിയായിരുന്നു. ഇടയ്ക്ക് പരിക്കേറ്റ് ഫാക്കുണ്ടോയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തു. 

പുതിയ സീസണിൽ ഏതെല്ലാം വിദേശതാരങ്ങളാണ് ക്ലബിലെത്തുക എന്നതിൽ വ്യക്തതയില്ല. സ്‌പോട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻസിന്റെ നേതൃത്വത്തിൽ മികച്ച താരങ്ങളെ എത്തിക്കാനാകും ക്ലബിന്റെ ശ്രമം. 

Tags:    

Editor - abs

contributor

By - Sports Desk

contributor

Similar News