സഹലിനെ വിട്ടുതരുമോ? മൂന്നു പേരെ പകരം തരാം; ബ്ലാസ്റ്റേഴ്‌സിന് മുമ്പിൽ ഓഫർ വച്ച് എടികെ
2022 വരെയാണ് സഹലിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്
മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദിനെ ഈ സീസണിൽ എ.ടി.കെ മോഹൻ ബഗാൻ നോട്ടമിട്ടിരുന്നതായി റിപ്പോർട്ട്. സഹലിന് പകരം മൂന്നു സീനിയര്‍ കളിക്കാരെ തരാമെന്ന് എ.ടി.കെ കേരള ബ്ലാസ്റ്റേഴ്‌സിന് മുമ്പിൽ ഓഫർ വച്ചതായി പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് മാർകസ് മെർഗുൽഹോയാണ് ട്വീറ്റ് ചെയ്തത്.
കോച്ച് ആന്റോണിയോ ഹബാസിന്റെ താത്പര്യ പ്രകാരമാണ് ഇന്ത്യയിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ സഹലിനെ ആവശ്യപ്പെട്ട് എ.ടി.കെ ബ്ലാസ്റ്റേഴ്‌സിനെ സമീപിച്ചത്. എന്നാൽ ബ്ലാസ്‌റ്റേഴ്‌സ് താരത്തെ വിട്ടുകൊടുക്കാൻ സന്നദ്ധമായില്ല. 2022 വരെയാണ് സഹലിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളത്.
പതിവു പോലെ ഐഎസ്എല്ലിന്റെ ഈ സീസണിലും മികച്ച മുന്നൊരുക്കമാണ് എ.ടി.കെ നടത്തുന്നത്. മികച്ച കളിക്കാരെ സംഘത്തിലെത്തിക്കുകയും ആവശ്യമില്ലാത്തവരെ ഒഴിവാക്കുകയും ചെയ്തു. ജയേഷ് റാണ, സുമിത് റായ്, മൈക്കൽ റെഗിൻ, കോമൽ തട്ടാൽ തുടങ്ങിയ താരങ്ങളുമായി ക്ലബ് കരാർ പുതുക്കിയില്ല. അമരീന്ദർ സിങ്, അശുതോഷ് മേത്ത, കിയൻ നാസ്സിരി, ജോൺ കൗകോ, ദീപക് ഡാങ്ക്രി, ഹ്യൂഗോ ബൗമസ്, ലിസ്റ്റൺ കൊളോക്കോ തുടങ്ങി എണ്ണംപറഞ്ഞ ഒരുപിടി താരങ്ങളെ സംഘത്തിലെത്തിക്കുയും ചെയ്തു.
2018-19 സീസണിലെ എമർജിങ് പ്ലയറായിരുന്ന സഹലിന് പിന്നീടുള്ള സീസണുകളിൽ പേരിനൊത്ത പ്രകടനം നടത്താനായിരുന്നില്ല. എന്നാൽ പല വേളയിലും പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിക്കുകയും ചെയ്തു. എൽകോ ഷെട്ടോരിയുടെയും കിബു വിക്കുനയുടെയും കാലത്ത് സ്വന്തം പൊസിഷനിൽ നിന്ന് മാറിക്കളിച്ചതും താരത്തിന്റെ സ്വാഭാവിക കളിയെ ബാധിച്ചു.
നിലവിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഡ്യൂറന്റ് കപ്പ് സംഘത്തിൽ സഹൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പരിക്കു മൂലം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. നേപ്പാളിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. താരം പരിശീലനം ആരംഭിച്ചതായി ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.