ലാറ്റിനമേരിക്കൻ ക്ലബിൽനിന്ന് 25കാരൻ സ്‌ട്രൈക്കറെ റാഞ്ചാൻ ബ്ലാസ്‌റ്റേഴ്സ്; ഓഫർ വച്ചു
ഈ വർഷം ഏഴു കളികളിൽനിന്ന് ആറു ഗോളുകള്‍ നേടിയ താരമാണ് ഈ സ്ട്രൈക്കര്‍
മുന്നേറ്റ നിരയ്ക്ക് മൂർച്ച കൂട്ടാൻ ഡൊമിനിക്കൻ ദേശീയ താരത്തെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ബൊളീവിയൻ പ്രീമിയർ ഡിവിഷൻ ക്ലബ്ബായ ആൾവേയ്‌സ് റെഡിയുടെ 25 കാരൻ സ്‌ട്രൈക്കർ ഡോണി റൊമേറോക്കു വേണ്ടിയാണ് ബ്ലാസ്‌റ്റേഴ്‌സ് രംഗത്തുള്ളത്. താരത്തിന് മുമ്പിൽ കേരള ടീം ഓഫർ വച്ചതായി ട്രാൻസ്ഫർ ജേണലിസ്റ്റ് അലക്‌സ് കാബോ ട്വീറ്റു ചെയ്തു.
2024 ഡിസംബർ വരെ ആൾവേയ്‌സ് റെഡിയുമായി കരാറുള്ള താരമാണ് റൊമേറോ. ഈ വർഷം ഏഴു കളികളിൽനിന്ന് ആറു ഗോളുകളും താരം നേടിയിട്ടുണ്ട്. വായ്പാടിസ്ഥാനത്തിലല്ല താരം കേരളത്തിലേക്ക് വരുന്നത് എങ്കിൽ ബ്ലാസ്റ്റേഴ്സ് റൊമേറോക്കായി പണം മുടക്കേണ്ടി വരും. ഇതേ ലീഗിൽ കളിക്കുന്ന കൊളംബിയൻ മിഡ്ഫീൽഡർ മൈക്കൽ ഓർട്ടേഗയ്ക്കു വേണ്ടി ജംഷഡ്പൂര്‍ എഫ്.സിയും രംഗത്തുള്ളതായി റിപ്പോർട്ടുണ്ട്.
ഡൊമിനിക്കൻ റിപ്പബ്ലിക്കിനായി 17 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 11 ഗോളുകൾ നേടിയിട്ടുണ്ട്. ഈ വർഷം ആദ്യമാണ് ആൾവേയ്‌സ് റെഡിയിലേക്ക് ചേക്കേറിയത്. ബൊളീവിയയിലെ ലാ പാസ് ആസ്ഥാനമായ ആൾവേയ്‌സ് റെഡി രാജ്യത്തെ പ്രധാന ക്ലബ്ബുകളിലൊന്നാണ്.
ദിവസങ്ങൾക്ക് മുമ്പ് ആസ്‌ട്രേലിയൻ സ്‌ട്രൈക്കർ ജോഷ്വ സറ്റീരിയോയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. എ ലീഗിലെ ന്യൂകാസിൽ ജെറ്റ്‌സിൽനിന്നാണ് ജോഷ്വയുടെ വരവ്. സീനിയർ തലത്തിൽ 180 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള താരമാണ് ഇദ്ദേഹം.