കൂടുമാറ്റം തീരുന്നില്ല; സഹലിന് പിന്നാലെ ഹോർമിയും ടീം വിടുന്നതായി റിപ്പോർട്ട്
നേരത്തെ ഹോര്‍മിപാമിനെ ബഗാന് കൈമാറാന്‍ ബ്ലാസ്റ്റേഴ്സ് ആലോചിച്ചിരുന്നു.
സഹൽ അബ്ദുൽ സമദിന് പിന്നാലെ, പ്രതിഭാധനനായ യുവ ഡിഫൻഡർ ഹോർമിപാം റുയ്‌വയും കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നതായി സൂചന. പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റ് മാർക്കസ് മെർഗൽഹൗ ആണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്.
ഹോർമിപാമിന് മറ്റു ഓഫറുകളുണ്ടോ, കേരള ബ്ലാസ്‌റ്റേഴ്‌സിൽ തന്നെ നിൽക്കുമോ എന്ന ചോദ്യത്തിനാണ്, ഹോർമിപാം പോയാൽ അത്ഭുതപ്പെടേണ്ടതില്ല എന്ന് മാർക്കസ് മറുപടി നൽകിയത്. ഐഎസ്എല്ലിലെ ചില ടീമുകളിൽനിന്ന് താരത്തിന് ഓഫറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
നേരത്തെ, ഹോർമിപാമിനെ നൽകി പ്രീതം കോട്ടാലിനെ ബഗാനിൽ നിന്ന് എത്തിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ആലോചിച്ചിരുന്നത്. എന്നാൽ ബഗാന് അതിൽ താത്പര്യമില്ലായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാർ മിഡ്ഫീൽഡർ സഹലിനെ ബഗാൻ ആവശ്യപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് അതിനു സമ്മതിക്കുകയും ചെയ്തു. രണ്ടരക്കോടി രൂപയ്ക്കാണ് ബഗാൻ സഹലിനെ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. പ്രീതം കോട്ടാലിന് പുറമേ, ട്രാൻഫർ ഫീ ആയി 90 ലക്ഷം രൂപയും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു.
2021ലാണ് ഹോർമിപാം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ക്രൊയേഷ്യൻ ഡിഫൻഡർ മാർകോ ലെസ്‌കോവിച്ചിനൊപ്പം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ വിശ്വസ്താനാണ് നിലവിൽ താരം. ഈയിടെ താരവുമായുള്ള കരാർ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചു വർഷത്തേക്ക് നീട്ടിയിരുന്നു.