'നല്ല ഭക്ഷണം കഴിച്ച് സുഖമായുറങ്ങും'; കുലുങ്ങാതെ വുകുമനോവിച്ച്

'നഷ്ടപ്പെട്ട അവസരങ്ങളില്‍ ദുഃഖമില്ല, ഇത് ഫുട്ബോളാണ്'

Update: 2022-08-30 05:12 GMT
Editor : abs | By : Web Desk
Advertising

ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻ ബഗാനെതിരെ അവസാന മിനിറ്റിൽ വഴങ്ങിയ സമനില കാര്യമാക്കുന്നില്ലെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച്. നല്ല ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങാൻ പോകുമെന്നും നാളെ വീണ്ടും പരിശീലനം തുടരുമെന്നും കോച്ച് പറഞ്ഞു. അടുത്ത മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധയെന്നും മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.  

'എ.ടി.കെയ്‌ക്കെതിരെയുള്ള മത്സരം എളുപ്പമായിരുന്നില്ല. എന്നാൽ കുട്ടികൾ പുറത്തെടുത്ത മത്സര വീര്യം സന്തോഷം പകരുന്നതായി. ഒരുപാട് ദേശീയ താരങ്ങളുള്ള മികച്ച ടീമായിരുന്നു എതിരാളികൾ. ലീഗിലെ തന്നെ ഏറ്റവും മികച്ച ടീം. അവർക്കെതിരെ മികച്ച കളി പുറത്തെടുത്ത എന്റെ കുട്ടികളിൽ അഭിമാനിക്കുന്നു. കൂടുതൽ ഗോളുകൾ നേടേണ്ടതായിരുന്നു. പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഇതിൽ ഇച്ഛാഭംഗമില്ല. ഇത് ഫുട്‌ബോളാണ്.' - അദ്ദേഹം പറഞ്ഞു.

'ഈ സീസണിൽ മികച്ച കളിയാണ് കുട്ടികൾ ഇതുവരെ പുറത്തെടുത്തത്. അടുത്ത പത്തു ദിവസത്തിനുള്ളിൽ ഐ.എസ്.എല്ലിൽ ആരെല്ലാം മുമ്പിലെത്തും എന്നത് വ്യക്തമാകും. ഏകാഗ്രതയോടെ, പോസിറ്റീവായി നിൽക്കുകയാണ് പ്രധാനം.' - വുകുമനോവിച്ച് കൂട്ടിച്ചേർത്തു.

അഡ്രിയാൻ ലൂനയുടെ പ്രകടനത്തെ കോച്ച് വാനോളം പുകഴ്ത്തി. ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് പല താരങ്ങളെയും അന്വേഷിച്ചിരുന്നു. ഒരു കളിക്കാരൻ, വ്യക്തി, ഡ്രസിങ് റൂമിലെ സാന്നിധ്യം എന്ന നിലയിലെല്ലാം അഡ്രിയാൻ മികച്ചതാണ്. കളത്തിലെ ഓരോ ഇഞ്ചിലും അവൻ പൊരുതുന്നു. ആ മാനസിക നിലയാണ് മറ്റു കളിക്കാർ പിന്തുടരുന്നതെന്നും വുകുമനോവിച്ച് കൂട്ടിച്ചേർത്തു.

അവസാന നിമിഷം വഴങ്ങിയ ഗോൾ തന്നെ ബാധിച്ചിട്ടില്ലെന്നും കോച്ച് പറഞ്ഞു. 'വികാരത്തിന് കീഴ്‌പ്പെടില്ല. രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകും. നാളെ പരിശീലനം തുടരുകയും ചെയ്യും' - ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർത്തു. 



രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമിൽ വഴങ്ങിയ ഗോളാണ് മോഹൻബഗാന് സമനിലയൊരുക്കിയത്. ബ്ലാസ്റ്റേഴ്സിനായി അഡ്രിയാൻ ലൂണയാണ് രണ്ട് ഗോളുകളും നേടിയത്. എടികെ മോഹനായി ഗോളുകൾ കണ്ടെത്തിയത് വില്യംസും ജോണി കൗകോയും. ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്‌സ് 27 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്. ബഗാന് 30 പോയിന്റാണുള്ളത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News