വരുന്നു അർജന്റീനൻ സ്‌ട്രൈക്കർ; ജോർജ് പെരേര ഡയസ് ബ്ലാസ്‌റ്റേഴ്‌സിൽ

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തുന്ന മൂന്നാമത്തെ വിദേശതാരമാണ് ഡയസ്.

Update: 2021-08-26 05:19 GMT
Editor : abs | By : abs
Advertising

ഐഎസ്എല്ലിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചു കൂട്ടാൻ അർജന്റീനൻ സ്‌ട്രൈക്കർ. 31കാരനായ ജോർജ് പെരേര ഡയസാണ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. ബ്യൂണസ് അയേഴ്‌സ് ആസ്ഥാനമായ അത്‌ലറ്റികോ പ്ലസ്റ്റെൻസിന് വേണ്ടി കളിക്കുന്ന ഡയസ് ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് യുവാൻ അരാങ്കോ അടക്കമുള്ളവർ ട്വീറ്റ് ചെയ്തു. 'മികച്ച തെരഞ്ഞെടുപ്പ്' എന്നാണ് സൈനിങ്ങിനെ അരാങ്കോ വിശേഷിപ്പിച്ചത്. 

ഒരു വർഷത്തേക്കാണ് കരാർ എന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരിയറിൽ 196 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 76 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. പ്ലാറ്റെൻസിനു വേണ്ടി 11 കളിയിൽ നിന്ന് രണ്ടു ഗോളാണ് നേടിയിട്ടുള്ളത്. മലേഷ്യൻ ക്ലബായ ജൗഹറിലാണ് ഡയസ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. അമ്പതിലധികം ഗോളുകൾ സ്വന്തമാക്കിയ താരം ക്ലബ് നേടിയ രണ്ട് സൂപ്പർ ലീഗ് കിരീടങ്ങളിൽ നിർണായക സാന്നിധ്യമായി.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തുന്ന മൂന്നാമത്തെ വിദേശതാരമാണ് ഡയസ്. ഓസീസ് മധ്യനിര താരം അഡ്രിയാൻ ലൂന, ബോസ്‌നിയൻ ഡിഫൻഡർ എനസ് സിപോവിച്ച് എന്നിവരാണ് മറ്റുള്ളവർ. ലൂന മെൽബൺ സിറ്റിയിൽ നിന്നും സിപോവിച്ച് ചെന്നൈയിൻ എഫ്‌സിയിൽ നിന്നുമാണ് വരുന്നത്. ഹർമൻജോത് ഖബ്ര, സഞ്ജീവ് സ്റ്റാലിൻ, വിൻസി ബരറ്റോ, റുവ ഹോർമിപാം തുടങ്ങിയ ആഭ്യന്തര സൈനിങ്ങുകളും ക്ലബ് നടത്തിയിട്ടുണ്ട്.

ജൂലൈ മുപ്പത് മുതൽ കൊച്ചിയിൽ പരിശീലനത്തിലാണ് ക്ലബ്. 29 അംഗ സംഘമാണ് പരിശീലനത്തിലുള്ളത്. കേരള യുണൈറ്റഡുമായുള്ള ആദ്യപരിശീലന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ഐഎസ്എല്ലിന് മുമ്പ് ഡ്യൂറന്റ് കപ്പിലും ടീം പങ്കെടുക്കുന്നുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News