ചെറിയ മീനുകൾ വേണ്ട, വമ്പൻ താരങ്ങളെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്
അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി ക്ലബ് ഡയറക്ടർ നിഖിൽ ഭരദ്വാജ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കാൻ ശ്രമം ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. വിഖ്യാത ഫുട്‌ബോൾ ജേണലിസ്റ്റ് മാർക്കസ് മെർഗൽഹോയാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യൻ കളിക്കാരെ തെരയുന്നുണ്ടോ എന്ന ചോദ്യത്തിനാണ് മാർക്കസ് മറുപടി നൽകിയത്. 'തീർച്ചയായും വലിയ ടാർഗറ്റുകൾ' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
കോച്ച് ഇവാൻ വുകുമനോവിച്ച് തുടരുമെന്നും മാർക്കസ് വ്യക്തമാക്കി. ടീമിലെ മൂന്നു കളിക്കാർ എന്തായാലും അടുത്ത സീസണിലും ഉണ്ടാകും. ഒരുപക്ഷേ, നാലു പേർ. ഇവാനും യുവാൻ ഫെറാണ്ടോയും മനോലോ മാർക്വസും മികച്ച വ്യക്തികൾ കൂടിയാണ്. അടുത്ത സീസണിൽ അവരിൽ മിക്കവരും ഉണ്ടാകുമെന്നത് ആഹ്ലാദകരമാണ്- മാർക്കസ് കൂട്ടിച്ചേർത്തു.
മുന്നൊരുക്കം ആരംഭിച്ചതായി ഉടമ
അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി ക്ലബ് ഡയറക്ടർ നിഖിൽ ഭരദ്വാജ് ആരാധകർക്കെഴുതിയ കത്തിൽ അറിയിച്ചു.
'കപ്പായിരുന്നു നമ്മുടെ ലക്ഷ്യം. എന്നാൽ മുടിനാരിഴയ്ക്ക് നമ്മൾ വീണു പോയി. ചരിത്രത്തിലേക്ക് രണ്ടു മിനിറ്റിന്റെ ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഫറ്റോർഡയിൽ ഹൃദയഭേദകമായിരുന്നു കാര്യങ്ങൾ. എന്നാൽ അതെല്ലാം ഭൂതകാലമാണ്. നമ്മൾ ഉയിർത്തെഴുന്നേറ്റ് വീണ്ടും പോക്കു തുടങ്ങും. 2022-23 സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി നിങ്ങൾക്ക് ഉറപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ടീം ജോലി തുടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ സൈക്കോ അഡ്മിനിൽ നിന്ന് വൈകാതെ കേൾക്കാം' - വി ഗോ എഗയ്ൻ എന്ന ഹാഷ്ടാഗോടെ നിഖിൽ കുറിച്ചു. നിഖിൽ ബ്രോ, യെല്ലോ ഫാൻ എന്നാണ് അദ്ദേഹം കത്തിൽ സ്വയം വിശേഷിപ്പിക്കുന്നത്.
2022 സീസണിൽ ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഷൂട്ടൗട്ടിലായിരുന്നു ഹൈദരാബാദിന്റെ ജയം. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ കലാശപ്പോരിൽ വീണുപോകുന്നത്. ആദ്യ സീസണായ 2014ലും 2016ലും എടികെയ്ക്ക് മുമ്പിലാണ് ബ്ലാസ്റ്റേഴ്സ് അടിയറവു പറഞ്ഞത്. 2016 ലും ഷൂട്ടൗട്ടിന്റെ നിർഭാഗ്യത്തിലാണ് കേരള ടീം തോറ്റത്.
ഈ സീസണിലെ മിക്ക താരങ്ങളെയും ടീം നിലനിർത്തുമെന്നാണ് റിപ്പോർട്ട്. ടീമിന്റെ കുന്തമുനയായ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ അടുത്ത സീസണിലും ക്ലബിലുണ്ടാകും. മുന്നേറ്റ നിരയിലെ വിദേശസാന്നിധ്യങ്ങളായ ആൽവാരോ വാസ്‌ക്വിസും ഡയസ് പെരേരയും ടീമിൽ തുടരുമെന്നാണ് സൂചന. പ്രതിരോധ താരം ലെസ്കോവിച്ചും തുടരും.
മിന്നും പ്രകടനം പുറത്തെടുത്ത വാസ്‌ക്വിസിനായി വമ്പൻ ക്ലബുകൾ വല വിരിച്ചിട്ടുണ്ട്. അർജന്റൈൻ ക്ലബായ ക്ലബ് അത്‌ലറ്റികോ പ്ലാറ്റെൻസിൽനിന്ന് ഒരു വർഷത്തെ ലോണിലാണ് ഡയസ് കേരളത്തിലെത്തിയിരുന്നത്. പ്ലാറ്റെൻസുമായുള്ള കരാർ താരം അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനം വരെയാണ് ക്ലബുമായി ഡയസിന് കരാറുള്ളത്.