ഒഡിഷയിൽനിന്ന് സൂപ്പർ താരത്തെ റാഞ്ചി ബ്ലാസ്റ്റേഴ്‌സ്; രണ്ടാമത്തെ വിദേശ സൈനിങ്
കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്‌സ് കണ്ണുവച്ച താരമായിരുന്നു ഈ ഡിഫന്‍ഡര്‍
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് സ്പാനിഷ് ഡിഫൻഡർ വിക്ടർ മോൻഗിലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്‌സിക്കു വേണ്ടി ബൂട്ടുകെട്ടിയ താരമാണ് മോൻഗിൽ. ഒരു വർഷത്തേക്കാണ് കരാർ. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ സൈനിങ്ങാണിത്.
കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്‌സ് കണ്ണുവച്ച താരമായിരുന്നു മോൻഗിൽ. ചർച്ചകൾ നടന്നെങ്കിലും ട്രാൻസ്ഫർ ഫലം കണ്ടില്ല. ഒഡിഷയ്ക്ക് പുറമേ, ഐഎസ്എല്ലിൽ മോഹൻ ബഗാനു വേണ്ടിയും പന്തു തട്ടിയിട്ടുണ്ട്. സ്‌പെയിൻ അണ്ടർ 17 ദേശീയ ടീമിൽ അംഗമായിരുന്നു.
ആസ്‌ത്രേലിയൻ-ഗ്രീക്ക് സ്‌ട്രൈക്കറായ അപ്പോസ്തലസ് ജിയാനുവിനെ ടീമിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ വിദേശ സൈനിംഗ് നടത്തിയത്. എ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ്‌സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ ജിയാനു 2023 വേനൽക്കാല സീസൺ വരെ മഞ്ഞ ജഴ്‌സി അണിയും.
അതിനിടെ, കഴിഞ്ഞ സീസണിൽ ആക്രമണത്തിന്റെ കുന്തമുനയായിരുന്ന അർജന്റൈൻ താരം ഓർഗെ പെരേര ഡയസ് ക്ലബ് വിട്ടു. അർജന്റൈൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലേറ്റൻസിൽ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ഡയസ് ബ്ലാസ്റ്റേഴ്സിലെത്തിയത്. 21 മത്സരങ്ങളിൽ മഞ്ഞപ്പടയ്ക്ക് വേണ്ടി ബൂട്ടുകെട്ടിയ ഡയസ് എട്ടുഗോളുകളും നേടി.