പ്രീ സീസൺ: ബ്ലാസ്റ്റേഴ്‌സ് വിദേശത്തേക്ക്, മൂന്നു രാജ്യങ്ങളിൽ പരിശീലനം
കഴിഞ്ഞ സീസണിലെ പോരായ്മകൾ പരിഹരിച്ച് മുമ്പോട്ടുപോകാൻ ക്ലബ് ശ്രമം ആരംഭിച്ചിട്ടുണ്ട്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടു മാസം നീളുന്ന പ്രീ സീസണായി ടീം വിദേശത്തേക്ക് പുറപ്പെടും. ജിസിസി ഉൾപ്പെടെ രണ്ട്-മൂന്ന് വിദേശരാജ്യങ്ങളിലാകും പരിശീലനമെന്ന് ക്ലബ് വൃത്തങ്ങൾ പറയുന്നു
അതിനിടെ, കഴിഞ്ഞ സീസണിലെ പോരായ്മകൾ പരിഹരിച്ച് മുമ്പോട്ടുപോകാൻ ക്ലബ് ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഏറ്റവും വലിയ തലവേദനയായിരുന്ന പ്രതിരോധത്തിലേക്ക് ബംഗളൂരു എഫ്‌സി താരം ഹർമൻജോത് ഖബ്ര എത്തുമെന്നാണ് റിപ്പോർട്ട്. ഖബ്ര ബംഗളൂരു വിട്ടിട്ടുണ്ട്. ഗോകുലം കേരളയിൽ നിന്ന് വിങ്ങർ വിൻസി ബരറ്റോയെയും ടീം സ്വന്തം നിരയിൽ എത്തിച്ചതായാണ് വിവരം.
അതിനിടെ, ബ്ലാസ്‌റ്റേഴ്‌സിന്റെ ഓസീസ് സ്‌ട്രൈക്കർ ജോർദാൻ മറെയെ ജംഷഡ്പൂർ എഫ്‌സി സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കരാർ അവസാനിച്ച ലാൽറുവാതാര, റിത്വിക് ദാസ് എന്നിവർ അടുത്ത സീസണിൽ ടീമിലുണ്ടാകില്ല. ടീമിന്റെ പുതിയ കോച്ച് ആരാകും എന്നതിലും അവ്യക്തത തുടരുകയാണ്.