ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി; സൂപ്പർ താരം പരിക്കേറ്റ് ആറാഴ്ച പുറത്ത്
അടുത്ത നാലഞ്ചു കളികളില്‍ താരത്തിന്‍റെ സേവനം ലഭ്യമാകില്ല
ഐഎസ്എൽ എട്ടാം സീസണിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. എടികെ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ മലയാളി വിങ്ങർ കെപി രാഹുലിന് നാലു മുതൽ ആറാഴ്ച വരെ ഡോക്ടർമാർ വിശ്രമം നിർദേശിച്ചു. പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഉദ്ഘാടന മത്സരത്തിലെ ആദ്യ പകുതിയിലാണ് രാഹുലിന് പരിക്കേറ്റത്. മത്സരത്തിൽ സഹൽ അബ്ദുൽ സമദ് നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് രാഹുലായിരുന്നു. പരിക്കേറ്റ താരത്തെ മുപ്പതാം മിനിറ്റിൽ കോച്ച് ഇവാൻ വുകോമനോവിച്ച് പിൻവലിക്കുകയായിരുന്നു. മറ്റൊരു മലയാളി വിങ്ങർ കെ പ്രശാന്താണ് രാഹുലിന് പകരമായി കളത്തിലിറങ്ങിയത്.
KP Rahul could be out for four to six weeks with a muscle tear. https://t.co/gYoxzV9fDZ
— Marcus Mergulhao (@MarcusMergulhao) November 21, 2021
മത്സരത്തിൽ സൂപ്പർ താരം ഹ്യൂഗോ ബൗമസ് നേടിയ ഇരട്ടഗോളുകളുടെ ബലത്തിൽ നാലിനെതിരെ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ എടികെ കീഴ്പ്പെടുത്തിയത്. 2,39 മിനിറ്റുകളിലായിരുന്നു ബൗമസിന്റെ ഗോൾ. 27-ാം മിനിറ്റിൽ റോയ് കൃഷ്ണ പെനാൽറ്റിയിലൂടെയും അമ്പതാം മിനിറ്റിൽ ലിസ്റ്റൺ കൊളാസോയുമാണ് മറ്റു ഗോളുകൾ നേടിയത്. 24-ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദും 69-ാം മിനിറ്റിൽ ജോർജ് പെരേര ഡയസുമാണ് കേരളത്തിനായി ഗോൾ കണ്ടെത്തിയത്.