റഫറിയുടെ തീരുമാനത്തിനെതിരെ ബംഗളൂരു ഉടമ; കർമഫലമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ
"ഇന്ത്യൻ സൂപ്പർ ലീഗിൽ വാർ നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് പറയുന്നതിൽ ഖേദമുണ്ട്"
പനാജി: ഐഎസ്എൽ ഫൈനലിലെ തോൽവിക്ക് പിന്നാലെ റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് ബംഗളൂരു എഫ്‌സി ഉടമ പാർഥ് ജിൻഡാൽ. വലിയ മത്സരങ്ങളിൽ പിഴവുകൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്നും വാർ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് ജിൻഡാലിന്റെ പ്രതികരണം.
'ഇന്ത്യൻ സൂപ്പർ ലീഗിൽ വാർ നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് പറയുന്നതിൽ ഖേദമുണ്ട്. ചില തീരുമാനങ്ങൾ വലിയ മത്സരങ്ങളെ നശിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. ബംഗളൂരു എഫ്‌സിയെ കുറിച്ച് അഭിമാനമാണ് ഉള്ളത്. നിങ്ങളിന്ന് തോറ്റിട്ടില്ല. ചില തീരുമാനങ്ങൾ ഞെട്ടിക്കുന്നതായിരുന്നു' - എന്നാണ് ജിൻഡാലിന്റെ കുറിപ്പ്. മോഹൻബഗാന് അനുകൂലമായി വിളിച്ച രണ്ടാമത്തെ പെനാൽറ്റി തെറ്റായ തീരുമാനമാണ് എന്നാണ് ബംഗളൂരു വൃത്തങ്ങൾ ആരോപിക്കുന്നത്. നംഗ്യാൽ ഭൂട്ടിയയെ ബോക്‌സിൽ പാബ്ലോ പെരസ് വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. പെട്രറ്റോസ് നേടിയ ഈ ഗോളിലൂടെയാണ് ബഗാൻ മത്സരത്തിലേക്ക് തിരിച്ചുവന്നത്. പെനാല്‍റ്റി ഷൂട്ടൌട്ടിലായിരുന്നു ബഗാന്‍റെ ജയം.
പാർഥ് ജിൻഡാലിന്റെ ട്വീറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിലാണ് ഓളമുണ്ടാക്കിയത്. കർമ്മ ഫലമാണ് ബംഗളൂരു അനുഭവിക്കുന്നത് എന്ന് നിരവധി ആരാധകർ സമൂഹമാധ്യമത്തിൽ കുറിച്ചു. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബംഗളൂരുവിനെതിരെയുള്ള മത്സരം കേരള ബ്ലാസ്റ്റേഴ്സ് ബഹിഷ്‌കരിച്ചത് നേരത്തെ പാർഥ് ജിൻഡാൽ ചോദ്യം ചെയ്തിരുന്നു. ബഹിഷ്‌കരണ തീരുമാനം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിനെ എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
വരുന്നൂ, വാർ
അതിനിടെ, ഐഎസ്എല്ലിന്റെ അടുത്ത സീസൺ മുതൽ വാർ-ലൈറ്റ് സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡണ്ട് കല്യാൺ ചൗബേ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ചൗബേ ഇക്കാര്യം വ്യക്തമാക്കിയത്. യൂറോപ്പിൽ അടക്കം അന്താരാഷ്ട്ര മത്സരങ്ങളിൽ ഉപയോഗിക്കുന്ന വാർ സംവിധാനക്കേൾ ചെലവു കുറവാണ് വാർ ലൈറ്റിന്. ഐഎസ്എല്ലിൽ റഫറിമാരുടെ നിലവാരത്തെ കുറിച്ച് ചർച്ചകൾ സജീവമായി നിൽക്കുന്ന ഘട്ടത്തിലാണ് ഫെഡറേഷന്റെ ആലോചന.
കഴിഞ്ഞ മാസം ബെൽജിയം സന്ദർശന വേളയിൽ വാർ ലൈറ്റ് സംവിധാനത്തിന്റെ സാധ്യതകൾ കല്യാൺ ചൗബേ ആരാഞ്ഞിരുന്നു. ഇതിനായി ബെൽജിയം ഫുട്‌ബോൾ ആസ്ഥാനം അദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു. ബെൽജിയത്തിന്റെ വാർ സംവിധാനം ചെലവു ചുരുങ്ങിയതാണെന്ന് ചൗബേ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'അവരുടെ ആസ്ഥാനത്ത് 16 മോണിറ്ററുകളും നാല് ആളുകളുമാണ് ഉള്ളത്. ഇന്ത്യയ്ക്ക് ധാരാളം ഐടി വിദഗ്ധരുണ്ട്. അവരുടെ സഹായം ലഭിച്ചാൽ ബെൽജിയത്തിന്റേതു പോലെ നമ്മുടേതായ വാർ ലൈറ്റ് സംവിധാനം കൊണ്ടുവരാനാകും.' - അദ്ദേഹം കൂട്ടിച്ചേർത്തു.
2020ൽ ഐഎസ്എല്ലിൽ വാർ നടപ്പാക്കുന്നതിനെ കുറിച്ച് എഐഎഫ്എഫ് ആലോചിച്ചിരുന്നു. എന്നാൽ ഭീമമായ ചെലവാണ് ഫെഡറേഷനെ അതിൽനിന്ന് പിന്തിരിപ്പിച്ചത്. ഒരു മത്സരത്തിൽ 18-20 ലക്ഷമാണ് വാറിന് വേണ്ട ചെലവ്.