സഹൽ മെൽബൺ സിറ്റിയിലേക്കോ; വസ്തുത എന്താണ്?

ഇതാദ്യമായല്ല സഹലുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്

Update: 2023-01-21 14:16 GMT
Editor : abs | By : Web Desk
Advertising

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദിനെ ആസ്‌ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റി എഫ്‌സി റാഞ്ചാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ ശക്തമായി നിലനിൽക്കുകയാണ്. സഹോദര ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിയുടെ ഇന്ത്യൻ താരങ്ങളായ ബിപിൻ സിങ്, ലാലിയൻസുവാലാ ചാങ്‌തെ എന്നിവർക്കും മീതെയാണ് സഹലിനായുള്ള മെൽബൺ സിറ്റിയുടെ അന്വേഷണം എന്നാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ സഹൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് മറ്റൊരിടത്തേക്ക് കൂടുമാറുന്നുണ്ടോ? എന്താണ് വസ്തുത? 

ആസ്‌ട്രേലിയയുടെ ടോപ് ഡിവിഷൻ ടൂർണമെന്റായ എ ലീഗിലെ സുപ്രധാന ടീമാണ് മെൽബൺ സിറ്റി ഫുട്‌ബോൾ ക്ലബ്. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, ഇന്ത്യൻ സൂപ്പർ ലീഗിലെ മുംബൈ സിറ്റി എഫ്‌സി തുടങ്ങിയ ക്ലബുകളുടെ ഉടമസ്ഥരായ സിറ്റി ഫുട്‌ബോൾ ഗ്രൂപ്പാണ് മെൽബൺ സിറ്റിയുടെയും ഉടമ. 12 ടീമുകൾ കളിക്കുന്ന എ ലീഗിലെ പോയിന്‍റ് ടേബിളില 12 കളികളിൽ 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ക്ലബ് ഇപ്പോഴുള്ളത്. 



കളിമികവിൽ ഐഎസ്എല്ലിനേക്കാൾ ഏറെ മുമ്പിൽ നിൽക്കുന്ന എ ലീഗിലേക്ക് സഹൽ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ല എന്നാണ് പ്രമുഖ ഫുട്‌ബോൾ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹൗ പറയുന്നത്. 





സുമൻ എന്ന ട്വിറ്റർ യൂസറുടെ ചോദ്യത്തിന് മറുപടി ആയാണ് വിശ്വാസ്യകരമായ ട്രാൻസ്ഫർ വാർത്തകൾ പങ്കുവയ്ക്കുന്ന മാർക്കസ് ഇക്കാര്യം വ്യക്തമാക്കിയത്. 'എവിടെ നിന്നാണ് ഇതു വന്നത് എന്നൊരു നിശ്ചയവുമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഭ്യൂഹം ശക്തിപ്പെട്ടതിന് പിന്നാലെ നിരവധി പേർ മാർക്കസിനെ ടാഗ് ചെയ്ത് ഇതിലെ സത്യാവസ്ഥ ആരാഞ്ഞിരുന്നു.

അഭ്യൂഹങ്ങൾ ആദ്യമല്ല

ഇതാദ്യമായല്ല സഹലുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇംഗ്ലീഷ് ക്ലബ് ബ്ലാക്‌ബേൺ റോവേഴ്‌സ് താരത്തെ ട്രയലിനായി ക്ഷണിച്ചു എന്ന് കഴിഞ്ഞ വർഷം മാർച്ചിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബ്ബാണ് ബ്ലാക് ബേൺ. എന്നാൽ റിപ്പോർട്ടിൽ സത്യമില്ലെന്ന് സഹലിന്റെ ഏജന്റ് ഇൻവെന്റിവ് സ്‌പോട്‌സ് സിഇഒ ബൽജിത് റിഹാൽ അറിയിച്ചിരുന്നു. 




2017-18 സീസണിലാണ് ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യം ബൂട്ടണിഞ്ഞത്. ആ ടൂർണമെന്റിൽ എമർജിങ് പ്ലേയർ പുരസ്‌കാരം നേടുകയും ചെയ്തു. 2025 വരെ താരത്തിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്. ഈ സീസണിൽ ഇതുവരെ മൂന്നു ഗോളാണ് സഹൽ നേടിയിട്ടുള്ളത്.  





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News