ക്യാമ്പ് കയ്യേറാൻ പാർട്ടി പ്രവർത്തകരുടെ ശ്രമം; പ്രതിരോധിച്ച് ദുരിതബാധിതർ
പന്തളം NSS ഹയര്‍സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോകണമെന്ന് അടൂര്‍ തഹസില്‍ദാറുടെ ഉത്തരവ്. ഉത്തരവ് നടപ്പാക്കിയാല്‍ ക്യാമ്പ് വിട്ടുപോകുമെന്ന് പ്രഖ്യാപിച്ച് ദുരിതബാധിതര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎമ്മിന്റെ സമ്മര്‍ദമാണ് ഉത്തരവിന് പിന്നിലെന്നും ദുരിത ബാധിതര്‍ ആരോപിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തവ് നടപ്പാക്കാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഐ ആര്‍ ഡബ്ല്യു പ്രവര്‍ത്തകരാണ് ഇവിടെ സന്നദ്ധ സേവനം ചെയ്യുന്നത്.
പന്തളം എന്‍എസ്എസ് ഹയര്‍സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വെള്ളിയാഴ്ച മുതല്‍ 100ലധികം ഐഡിയല്‍ റിലീഫ് വിങ് പ്രവര്‍ത്തകരാണ് സേവനമനുഷ്ടിക്കുന്നത്. ആയിരത്തോളം ദുരിതബാധിതരുള്ള ക്യാമ്പിൽ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടുന്ന സംഘം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെയാണ് ക്യാമ്പ് വിട്ടുപോകണമെന്ന അടൂര്‍ തഹസില്‍ദാറുടെ ഉത്തരവ്.
സന്നദ്ധ പ്രവര്‍ത്തകരെ ഒഴിവാക്കിയാല്‍ തങ്ങളും ക്യാമ്പ് വിട്ടുപോകുമെന്ന് പറഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചു. സിപിഎം പ്രവര്‍ത്തകരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തഹസില്‍ദാറുടെ ഉത്തരവെന്നും ക്യാമ്പിലുള്ളവർ ആരോപിച്ചു. തഹസില്‍ദാരുടെ ഉത്തരവ് അറിയിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർ തടഞ്ഞത് ബഹളിത്തിനിടയാക്കി.