ഇത് മനുഷ്യനിര്‍മിത പ്രളയം തന്നെ

നിരവധി ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള ഇന്ത്യക്ക് എന്തു കൊണ്ടാണ് കൃത്യമായി എപ്പോള്‍, എവിടെ എത്ര അളവില്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തത് എന്ന ചോദ്യം പ്രസക്തമാണ്.

Update: 2018-08-24 15:14 GMT
Advertising

2004ല്‍ സുനാമിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ പ്രകൃതി ദുരന്തമായിരുന്നു 2013ലെ ഉത്തരാഖണ്ഡ് പ്രളയം. തീര്‍ത്ഥാടകരുള്‍പ്പടെ ലക്ഷക്കണക്കിനാളുകള്‍ കുടുങ്ങിക്കിടന്ന ആ പ്രളയദുരന്തത്തില്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഉത്തരപ്രദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലായി മരിച്ചത് അയ്യായിരത്തിലേറെ മനുഷ്യരാണ്. 375 ശതമാനം കൂടുതല്‍ മഴയാണ് ഉത്തരാഖണ്ഡില്‍ പെയ്തത്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ ഐ.എം.ഡി സാധാരണ മണ്‍സൂണ്‍ എന്ന് പ്രവചിച്ച വര്‍ഷമാണ് മേഘസ്ഫോടനം പോലെ ഹിമാലയ സാനുക്കളില്‍ മഴ പെയ്തത്. ഈ പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ മാസങ്ങള്‍ക്ക് ശേഷം രാജിവെച്ചു. രാജിവെക്കുമ്പോള്‍ ബഹുഗുണ ആരോപിച്ചത് ഐ.എം.ഡിയാണ് ഈ ദുരന്തത്തിന് കാരണമെന്നാണ്. ഒരു മുന്‍ കരുതലുമെടുക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്നതാണ് വാസ്തവം.

കേരളത്തില്‍ നാമിപ്പോള്‍ നേരിടുന്ന പ്രളയദുരന്തത്തിന് മുന്‍പ് 2017 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 6 വരെ ഓഖി ചുഴലിക്കാറ്റും പ്രവചിക്കുന്നതില്‍ ഐ.എം.ഡിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചിരുന്നു. അന്ന് ശ്രീലങ്ക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം കന്യാകുമാരി തീരം വഴി അറബിക്കടലിലൂടെ ലക്ഷദ്വീപിലേക്ക് നീങ്ങുന്നുവെന്നായിരുന്നു അന്ന് പ്രവചിച്ചത്. കടലിലൂടെയാണ് ചുഴലിക്കാറ്റിന്റെ ദിശ എന്നതിനാല്‍ കേരളത്തിന് അവര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയില്ല. പകരം, മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന സാധാരണ അലെര്‍ട്ട് മാത്രമാണ് നല്‍കിയത്. എല്ലാ മഴക്കാലത്തും കാറ്റുള്ള സമയങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുള്ളപ്പോഴും നല്‍കാറുള്ള നിര്‍ദേശം. സാധാരണ മഴക്കാലത്ത് ഇത്തരം നിര്‍ദേശം നല്‍കുന്ന അതേരീതിയിലാണ് അന്നത്തെ ഐ.എം.ഡി ബുള്ളറ്റിനുകളില്‍ ഈ നിര്‍ദേശം ഉണ്ടായിരുന്നത്. 245 പേരാണ് അന്ന് മരിച്ചത്.

കാലാവസ്ഥാ നിരീക്ഷണത്തിനുള്‍പ്പടെ നിരവധി ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള ഇന്ത്യക്ക് എന്തു കൊണ്ടാണ് കൃത്യമായി എപ്പോള്‍, എവിടെ എത്ര അളവില്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തത് എന്ന ചോദ്യം പ്രസക്തമാണ്. ഐ.എം.ഡി പിന്തുടരുന്ന കാലാവസ്ഥാ പ്രവചന മോഡലിന്റെ അപര്യാപ്തതയാണ് ഇതിന് കാരണമെന്ന് ശാസ്ത്ര എഴുത്തുകാരനും കാലവസ്ഥാ നിരീക്ഷകനുമായ ഡോ. രാജഗോപാല്‍ കമ്മത്ത് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ പിന്തുടര്‍ന്ന് പോന്ന പ്രവചന മോഡലിന് ഉത്തരാഖണ്ഡ് പ്രളയത്തിന് ശേഷം വലിയ തോതില്‍ വിമര്‍ശനം നേരിട്ടു. ഇന്ത്യ പിന്തുടരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ മോഡല്‍ ഇത്രയും വൈവിധ്യവും വൈരുധ്യവും നിറഞ്ഞ കാലാവസ്ഥയുള്ള ഒരു രാജ്യത്ത് അപ്രായോഗികവും അസംബന്ധവുമാണ്. അമേരിക്ക, ജപ്പാന്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഡോപ്ലര്‍ റഡാറുകള്‍ രാജ്യത്തെമ്പാടും സ്ഥാപിക്കാനും മറ്റ് രാജ്യങ്ങള്‍ പിന്തുടരുന്ന ന്യൂമെറിക്കല്‍ വെതര്‍ പ്രഡിക്ഷന്‍ മോഡലുകളും ഇതിനായി പിന്തുടരാനും ഐഎംഡി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ ഡോപ്ളര്‍ റഡാറുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. എന്നാല്‍, കേരളമുള്‍പ്പടെ മിക്ക സംസ്ഥാനങ്ങളിലും റഡാറുകള്‍ പ്രവര്‍ത്തന സജ്ജമല്ല. എന്നുമാത്രമല്ല, ഗണിതത്തിലൂന്നിയ ന്യൂമെറിക്കല്‍ വെതര്‍ മോഡലുകള്‍ പിന്തുടരുന്നതിന് പകരം, നിലവില്‍ ഇന്ത്യയിലുള്ള പ്രവചന മോഡല്‍ തന്നെ പിന്തുടരുകായാണിപ്പോഴും ഐ.എം.ഡി ചെയ്യുന്നത്.

കേരളത്തിലുള്‍പ്പടെ ഇക്കുറി സാധാരണ വര്‍ഷപാതമാണുണ്ടാവുകയെന്നാണ് കഴിഞ്ഞ ഏപ്രിലില്‍ ഐ.എം.ഡി പ്രവചിച്ചത്. എന്നാല്‍, മാര്‍ച്ച് മുതല്‍ മെയ് അവസാനവാരം വരെയുള്ള വേനല്‍ മഴ പോലും 37 ശതമാനം അധികമായിരുന്നു. മഴയാരംഭിച്ച് രണ്ടാം വാരം ഇടുക്കി ജില്ലയില്‍ 111 ശതമാനവും, വയനാട് ജില്ലയില്‍ 114ഉം, പാലക്കാട് ജില്ലയില്‍ 99 ശതമാനവും കൂടുതല്‍ മഴയാണ് ലഭിച്ചത്. രണ്ടാം വാരത്തില്‍ ആലപ്പുഴ, തൃശൂര്‍ ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും കൂടുതല്‍ മഴ പെയ്തു. ജൂണ്‍ മാസത്തിലാണ് കട്ടിപ്പാറ ഉരുള്‍പൊട്ടലുള്‍പ്പടെയുള്ളവ ഉണ്ടായത്. ആഗസ്ത് മാസമായപ്പോഴേക്കും മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയും കാസര്‍കോഡ് ജില്ലയിലൊഴികെ മറ്റെല്ലാ ജില്ലകളിലും കൂടുതല്‍ മഴ ലഭിക്കുകയും ചെയ്തു.

(ചാര്‍ട്ട് നോക്കുക)

ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതയില്ലായ്മ

2005ലെ ദുരന്തനിവാരണ നിയമത്തെ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലും ദുരന്തനിവാരണ അതോറിറ്റികള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇത് കൂടാതെ എല്ലാ ജില്ലകളിലും ദുരന്തനിവാരണ അതോറിറ്റികള്‍ രൂപീകരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ജില്ലകളുടെ കാര്യം വിടുക. സംസ്ഥാനത്ത് അതോറിറ്റിയുടെ പ്രവര്‍ത്തനം എത്രമാത്രം കാര്യക്ഷമമാണെന്ന വിലയിരുത്തല്‍ ഈ ഘട്ടത്തില്‍ പ്രസക്തമാണ്. ദുരന്തമുണ്ടായ ശേഷം ഇടപെടുന്ന ഒരു ഏജന്‍സിയായാണ് അതിപ്പോഴും പ്രവര്‍ത്തിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ ദേശീയതലത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുമാണ്. കേരളത്തില്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥത ഏറ്റവുമധികം വ്യക്തമായത് ഓഖി ദുരന്തത്തിന്റെ സമയത്താണ്. ഓഖി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ ഐ.എം.ഡി വരുത്തിയ വീഴ്ച മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഓഖി ചുഴലിക്കാറ്റ് അറബിക്കടലിലൂടെ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന മുന്നറിയിപ്പ് ഇരുപത്തിനാല് മണിക്കൂര്‍ മുന്‍കൂട്ടി ലഭിച്ചിട്ടും ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ മഴയാരംഭിച്ചിട്ടും മല്‍സ്യബന്ധന തൊഴിലാളികളെ കടലിലയക്കാതെ നോക്കാനോ സുരക്ഷിതരാക്കാനോ ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല, ഇത് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് ഈ ചുഴലിക്കാറ്റ് കാര്യമാക്കേണ്ടതില്ലെന്നും കേരളത്തിന് പ്രശ്നമില്ലെന്നുമാണ് അന്ന് അതോറിറ്റി അനൌദ്യോഗികമായി അറിയിച്ചത്. എന്നാല്‍, ലക്ഷദ്വീപിനും കേരളതീരത്തിനുമിടയില്‍ കടലിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളാണ് അന്ന് അപകടത്തില്‍പെട്ടത്.

ഇപ്പോള്‍ നാം നേരിടുന്ന പ്രളയത്തിനും ദുരന്തനിവാരണ അതോറിറ്റിയുടെ കെടുകാര്യസ്ഥത കാരണമാണ്. മഴയാരംഭിച്ച് രണ്ടാം വാരത്തില്‍ ഇടുക്കിയില്‍ പെയ്ത മഴ 111 ശതമാനമാണ്. ഡാം തുറക്കേണ്ടിവന്ന ആഴ്ച പെയ്തത് 92 ശതമാനവും. ഈ മണ്‍സൂണില്‍ ഇടുക്കിയില്‍ പെയ്ത മഴയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ജൂലൈ ആദ്യ രണ്ടാഴ്ചകളിലാണ്. അതും സാധാരണ മഴയെക്കാള്‍ പത്തും പതിനഞ്ചും ശതമാനം കൂടുതലാണ്. അത് പിന്നീട് ഓരോ ആഴ്ചയും യഥാക്രമം വര്‍ധിച്ച് വരികയാണുണ്ടായത്. എറണാകുളം ജില്ലയിലും ഈ രണ്ട് ആഴ്ച മാത്രമേ വര്‍ഷപാതത്തില്‍ കുറവുണ്ടായുള്ളൂ. തൃശൂര്‍ ജില്ലയിലാകട്ടെ, പ്രളയമുണ്ടായ ആഴ്ചമാത്രമാണ് സാധാരണ മഴയേക്കാള്‍ കൂടുതല്‍ മഴ പെയ്തത്. പതിനാല് ശതമാനം മാത്രം. പത്തനംതിട്ട ജില്ലയിലും ഈ രണ്ട് ആഴ്ച മാത്രമാണ് മഴ കുറഞ്ഞത്. മറ്റെല്ലാ ആഴ്ചകളിലും സാധാരണ മഴയേക്കാള്‍ കൂടുതലാണ് അവിടെ ലഭിച്ചത്. പ്രളയമുണ്ടായ ആഴ്ച പത്തനംതിട്ട ജില്ലയില്‍ പെയ്തത് 73 ശതമാനം മഴയാണ്. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ, ഓരോ ആഴ്ചയും മഴ കൂടുതലാണ് ലഭിക്കുക എന്ന് ഊഹിക്കാനെങ്കിലും ഇവര്‍ക്ക് കഴിയേണ്ടതാണ്. തമിഴ്നാട്ടില്‍ നിന്ന് അന്തര്‍സംസ്ഥാന നദീജല പങ്കാളിത്തം വഴിയുള്ള വെള്ളം കൂടിയെത്തിയാല്‍ ഡാമുകള്‍ നിറയുമെന്ന ഊഹം പോലും ഇവര്‍ക്കുണ്ടായില്ലെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ മോഹന്‍ദാസ് ചൂണ്ടിക്കാട്ടുന്നു. തൃശൂരില്‍ അവസാന ആഴ്ചയിലൊഴികെ സാധാരണ മഴയാണ് ലഭിച്ചതെങ്കില്‍ കൂടി ഷോളയാര്‍, പൊരിങ്ങല്‍കുത്ത് ഡാമുകളില്‍ വെള്ളം നിറയാനുള്ള സാധ്യത മുന്നില്‍ കണ്ട് ചാലക്കുടി പുഴ സംരക്ഷണ സമിതി ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സര്‍ക്കാരിനും നിയന്ത്രിതമായി വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് ക്രമീകരിക്കണമെന്നും അല്ലാത്ത പക്ഷം പ്രളയമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയ പ്രദേശങ്ങളാണ് തൃശൂര്‍ ജില്ലയില്‍ ഏറ്റവുമധികം പ്രളയമുണ്ടാക്കിയത്.

പെയ്ത മഴയല്ല, ഡാമുകളുടെ ഓപ്പറേഷനില്‍ വരുത്തിയ വീഴ്ചയാണ് ഈ പ്രളയത്തിന് കാരണമെന്ന് പെയ്ത മഴയുടെ അളവ് മാത്രം പരിശോധിച്ചാല്‍ മനസിലാകും.

ഇടുക്കി ചെറുതോണി ഡാം തുറന്ന് വിടുന്നതില്‍ വന്ന കാലതാമസം, ഇടമലയാര്‍ ,കല്ലാര്‍കുട്ടി ഡാം എന്നിവയില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് സംബന്ധിച്ച ജാഗ്രതയില്ലായ്മ എന്നിവ എറണാകുളം ജില്ലയിലും പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതിയുടെ വെള്ളം സംബന്ധിച്ച ജാഗ്രതയില്ലായ്മ, ബാണാസുരസാഗര്‍ തുറന്നു വിടുമ്പോള്‍ വേണ്ടത്ര മുന്നറിയിപ്പ് നല്‍കാതിരുന്നത് എന്നിവയെല്ലാം ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍ കണ്ട് ആളുകളെ ബോധവല്‍ക്കരിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു. തൃശൂര്‍ ജില്ലയിലുള്‍പ്പെടെ ഉരുള്‍പൊട്ടലിലാണ് കാര്യമായ നാശവും ജീവഹാനിയും ഇക്കുറിയുണ്ടായതെന്നത് ശ്രദ്ധേയമാണ്.

ദേശീയ ദുരന്ത നിവാരണ നിയമമുണ്ടാക്കിയപ്പോള്‍ ദുരന്ത നിവാരണ അതോറിറ്റികളില്‍ സിവില്‍ സമൂഹത്തിനും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പങ്കാളിത്തം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. അത് അംഗീകരിക്കാത്തതാണ് ദുരന്തം മുന്‍കൂട്ടി കാണാനുള്ള ശേഷി അതോറിറ്റികള്‍ക്കില്ലാതെ പോകുന്നതിന്റെ കാരണമെന്ന് ഈ പ്രളയം തെളിയിക്കുന്നു.

ഇനി ദുരന്ത സമയത്തെ തയ്യാറെടുപ്പ് തന്നെ എത്ര ദുര്‍ബലമായിരുന്നുവെന്ന് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ അതോറിറ്റിയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് വ്യക്തമാണ്. പത്തനംതിട്ട ജില്ലയില്‍ ആളുകളോട് ഒഴിഞ്ഞു പോകാനുള്ള അനൌണ്‍സ്മെന്‍റ് നടത്തിയത് അര്‍ധരാത്രി ഒരുമണിക്കാണെന്ന് രാജു എബ്രഹാം എംഎല്‍എ ചൂണ്ടിക്കാട്ടുന്നു. ദുരന്തസമയത്തെ രക്ഷാദൌത്യത്തിന് നിയുക്തരായ ഏജന്‍സികളെ സജ്ജരാക്കേണ്ട ചുമതലയും അതോറിറ്റിക്കാണ്. ഇത് സംബന്ധിച്ച് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കേണ്ടതും സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ നാളിതുവരെ സംസ്ഥാനത്ത് അത്തരം ഒരു മോക് ഡ്രില്‍ സംഘടിപ്പിച്ചിട്ടില്ലെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. സുരേഷ്കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

കെ.എസ്.ഇ.ബിയുടെ ലാഭക്കൊതി

ഇടുക്കി ഡാം തുറന്നു വിടുന്നത് എപ്പോള്‍ എന്ന ആശങ്കയുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി എം.എം മണിയോടൊപ്പം ഡാം സന്ദര്‍ശിച്ച കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍എസ് പിള്ള മാധ്യമങ്ങളോട് പറഞ്ഞത് മാധ്യമങ്ങളിലൂടെ കണ്ടതാണ്. ഡാം തുറക്കുമ്പോള്‍ നഷ്ടമാകുന്ന ജലം വഴിയുണ്ടാകുന്ന ഉല്‍പാദന നഷ്ടത്തെ കുറിച്ചാണ് അന്ന് പിള്ള വാചാലനായത്. എന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതലും വലിയതുമായ ഡാമുകള്‍ സ്വന്തമായുള്ള കെ.എസ്.ഇ.ബി ഡാമുകളുടെ സ്ഥാപിതലക്ഷ്യങ്ങളിലൊന്ന് പ്രളയനിയന്ത്രണമാണെന്ന് മറന്നുപോയി.

ഒരു സംവിധാനത്തില്‍ ലാഭം എടുക്കുന്ന ഏജന്‍സിയെ ആ സംവിധാനത്തിന്റെ കൈകാര്യകര്‍തൃത്വം ഏല്‍പ്പിക്കരുതെന്ന അടിസ്ഥാന ഭരണപാഠമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് പരിസ്ഥിതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു

കേരളത്തിലുള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളില്‍ ഡാം ഓപ്പറേറ്റിങ് മാനുവലോ എമര്‍ജന്‍സി ആക്ഷന്‍ പ്ലാനോ നിലവിലില്ലെന്ന് പോയ വര്‍ഷത്തെ പ്രളയനിയന്ത്രണം സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം വ്യാജ ആരോപണങ്ങളാണെന്നും ഡാം സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കെ.എസ്.ഇ.ബി കൃത്യമായും സമയബന്ധിതമായും നടത്തിവരുന്നുവെന്നാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറയുന്നത്. എന്നാല്‍, സി.എ.ജി ചൂണ്ടിക്കാട്ടിയത് തള്ളിക്കളയാനും കെ.എസ്.ഇ.ബി തയ്യാറാവുന്നില്ല. പ്രളയനിയന്ത്രണം ഓഡിറ്റ് ചെയ്യുന്നവര്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കണമെന്നാണ് വാദം. ഒരു സംവിധാനത്തില്‍ ലാഭം എടുക്കുന്ന ഏജന്‍സിയെ ആ സംവിധാനത്തിന്റെ കൈകാര്യകര്‍തൃത്വം ഏല്‍പ്പിക്കരുതെന്ന അടിസ്ഥാന ഭരണപാഠമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് പരിസ്ഥിതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു. ഇടുക്കി ഡാം തുറന്ന അതേസമയത്ത് തന്നെ തുറന്നു വിട്ട ഇടമലയാര്‍ ഡാമില്‍ നിന്ന് എത്ര വെള്ളമാണ് പുറത്തേക്കൊഴുകിയത് എന്നത് സംബന്ധിച്ച ലോഗില്‍ ആ കോളം ശൂന്യമായിരുന്നുവെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകനായ രജനീഷ് ചൂണ്ടിക്കാട്ടുന്നു. പിന്നീട് അത് എഴുതിച്ചേര്‍ക്കുകയായിരുന്നു. 2013ല്‍ ഇടമലയാര്‍ ഡാം തുറന്നപ്പോഴാണ് നെടുമ്പാശേരി വിമാനത്താവളം ആദ്യമായി വെള്ളത്തില്‍ മുങ്ങിയത്. ഇക്കുറി ഇടുക്കി, കല്ലാര്‍കുട്ടി, ഇടമലയാര്‍ എന്നീ ഡാമുകളില്‍ നിന്നുളള വെള്ളം പെരിയാറിലേക്കെത്തിയതോടെ നെടുമ്പാശേരി വിമനത്താവളത്തിന്റെ ടെര്‍മിനലുകള്‍ പോലും വെള്ളത്തിലായി.

മനുഷ്യനിര്‍മിത പ്രളയം

പെയ്ത മഴയല്ല, ഡാമുകളുടെ ഓപ്പറേഷനില്‍ വരുത്തിയ വീഴ്ചയാണ് ഈ പ്രളയത്തിന് കാരണമെന്ന് പെയ്ത മഴയുടെ അളവ് മാത്രം പരിശോധിച്ചാല്‍ മനസിലാകും. ജീവഹാനിക്ക് കാരണമായത്, ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ നിന്ന്, കട്ടിപ്പാറ ദുരന്തവും മഴയുടെ തീവ്രതയുമനുസരിച്ച് ജനങ്ങളെ ഒഴിപ്പിക്കാന്‍ വരുത്തിയ വീഴ്ചയും. ഈ ഘട്ടത്തില്‍ ഇതിന്റെ ഉത്തരവാദികളെ കണ്ടെത്തലിനേക്കാള്‍ പ്രധാനം ഭാവിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ പൊതുസമൂഹം ജാഗ്രത പാലിക്കുകയാണ്. അങ്ങനെ ഉണ്ടാവണമെങ്കില്‍ ഭരണകൂടം ഒരന്വേഷണത്തിലൂടെ ഇത് മനുഷ്യനിര്‍മിത പ്രളയമാണോ എന്ന് കണ്ടെത്തണം. അത് ആരെയെങ്കിലും വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ അല്ല. വിജയ് ബഹുഗുണ ചെയ്തത് പോലെ പിണറായി വിജയനെ രാജിവെപ്പിക്കാനുമല്ല. ദുരന്തങ്ങള്‍ വളരെ കുറച്ച് മാത്രം അഭിമുഖീകരിച്ച ഒരു ജനത എന്ന നിലയില്‍, ഇപ്പോഴുള്ള കാലാവസ്ഥാ വ്യതിയാന സാധ്യതകള്‍ നമ്മുടെ സംസ്ഥാനത്തെയും ഒരു ദുരന്ത സാധ്യതാ സംസ്ഥാനമാക്കി മാറ്റുന്ന സാഹചര്യത്തില്‍ നമ്മളെ സുരക്ഷിതരാക്കാന്‍ വേണ്ടി മാത്രമാണ്.

കാലാവസ്ഥാ നിരീക്ഷണത്തില്‍ സംസ്ഥാനത്തിന് എന്ത് ചെയ്യാന്‍ കഴിയും എന്നത് മുതല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം, തദ്ദേശസ്ഥാപനങ്ങള്‍ക്ക് ദുരന്തനിവാരണത്തിലുള്ള പങ്ക്, ശാസ്ത്ര-പരിസ്ഥിതി സമൂഹത്തിന് ദുരന്തനിവാരണത്തിലുള്ള പങ്കാളിത്തം എന്നിവ കൂടി ചര്‍ച്ചയാകുമ്പോഴേ ദുരന്തം തടയാന്‍ നമുക്ക് കഴിയൂ. അല്ലാത്ത പക്ഷം ദുരന്താനന്തരം പരസ്പരം പഴിചാരുന്ന, രാഷ്ട്രീയലാഭം കൊയ്യുന്ന, ദുരിതാശ്വാസ ക്യാംമ്പുകള്‍ കയ്യേറുന്ന ഒരുതരം വിചിത്ര ജനതയായി നാം തുടരും.

Tags:    

Similar News