പ്രളയക്കെടുതി; അടിയന്തര ധനസഹായം നാളെ മുതല്‍
ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാലാണ് സാങ്കേതിക പ്രശ്‌നമുണ്ടായത്. ഇത് പരിഹരിച്ച് ദുരിതബാധിതര്‍ക്കുള്ള സഹായം ഇന്ന് തന്നെ ലഭ്യമാക്കുമെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു.
പ്രളയക്കെടുതിക്കിരയായ കുടുംബങ്ങള്‍ക്കുള്ള അടിയന്തര ധനസഹായം നാളെ മുതല്‍ ലഭ്യമാകും. കൂടുതല്‍ പേര്‍ ക്യാമ്പുകള്‍ വിട്ട് വീടുകളിലേക്ക് മടങ്ങി. ഗവര്‍ണര്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാന്‍ സന്നദ്ധത അറിയിച്ചു.
വീടുകള്‍ വൃത്തിയാക്കി താമസയോഗ്യമാക്കിയതോടെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കൂടുതല്‍ പേര്‍ വീടുകളിലേക്ക് മടങ്ങാനായത്. മൂന്നു ലക്ഷത്തിലധികം വീടുകള്‍ വൃത്തിയാക്കി. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതും പുരോഗമിക്കുന്നു. 1093 ക്യാമ്പുകളിലായി 3,42,699 പേരാണ് ഇപ്പോഴുള്ളത്. ജില്ലാ കലക്ടര്‍മാരുമായും ജില്ലാ പൊലീസ് മേധാവികളുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ബുധനാഴ്ച സ്‌കൂള്‍ തുറക്കുന്നതിനാല്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റും. ധനസഹായ വിതരണത്തിനും നടപടിയായി.
ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം വലിയ ചലനമുണ്ടാക്കി. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒരു മാസത്തെ ശമ്പളം നേരിട്ടെത്തി ചീഫ് സെക്രട്ടറിക്ക് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് തുടങ്ങിയവരും ശമ്പളം നല്‍കും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് പുറമെ, തൊഴില്‍, തദ്ദേശ ഭരണം, വിദ്യാഭ്യാസം, സഹകരണം വകുപ്പു മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം നല്‍കും.