കുടക് ജില്ലയിൽ മഴ കുറഞ്ഞിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ ജനങ്ങൾ
പ്രളയ കെടുതിയിൽ തകർന്ന കുടക് ജില്ലയിൽ മഴകുറഞ്ഞിട്ടും സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ ജനങ്ങൾ. അപകട സാധ്യത ഏറിയ സ്ഥലങ്ങളിലുള്ളവർക്കാണ് സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്തത്. ഇവർക്ക് താൽകാലികമായി താമസിക്കുന്നതിന് മറ്റൊരു സ്ഥലം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കുടക് ജില്ലയിലെ 32 ദുരിതാശ്വാസ ക്യാന്പുകളിലായി 3000 പേരാണ് ഇങ്ങിനെ സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്.
കനത്ത മഴയിലും പ്രളയത്തിലും കുടക് ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം 20 ആയി. കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണ സംഖ്യ 20 ആയത്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പടെ വിവിധ ഏജൻസികളില്‍ നിന്നായി 1019 രക്ഷാ പ്രവർത്തകരാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. കനത്ത മഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും 2,200 വീടുകൾ തകർന്നു. 7500 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിയിരുന്നു. കുടക് ജില്ലയിലെ 34 ഗ്രാമങ്ങളെയും 2 നഗരസഭകളെയുമാണ് പ്രളയം ബാധിച്ചത്.
പ്രളയത്തിലും മണ്ണിടിച്ചിലിലും കുടക് ജില്ലയിൽ മാത്രം 98 കിലോമീറ്റര്‍ നീളത്തിലുള്ള റോഡുകളും പാലങ്ങളും തകര്‍ന്നു. തകർന്ന ദേശീയ സംസ്ഥാന പാതകളുടെ പുനർനിർമ്മാണം സൈന്യത്തിന്റെ സഹായത്തോടെ ആരംഭിച്ചു. കരസേനയുടെ എൻജീനിയറിങ് വിഭാഗമായ മദ്രാസ് സാപ്പേഴ്സിന്റെ 75 അംഗ സംഘമാണ് പ്രവർത്തനം നടത്തുന്നത്.