അപ്പര്‍കുട്ടനാട്ടില്‍ രണ്ടാം ഘട്ട ശുചീകരണം ഇന്ന് തുടങ്ങും
ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം പതിനെട്ടായിരത്തില്‍ താഴെയായി കുറഞ്ഞു. പരമാവധി ആളുകളെ കഴിഞ്ഞ ദിവസം പുനരധിവസിപ്പച്ചതോടെയാണ് ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞത്.
ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം പതിനെട്ടായിരത്തില്‍ താഴെയായി കുറഞ്ഞു. കുട്ടനാട്ടുകാരില്‍ പരമാവധി ആളുകളെ കഴിഞ്ഞ ദിവസം പുനരധിവസിപ്പച്ചതോടെയാണ് ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞത്. അപ്പര്‍ കുട്ടനാട്ടില്‍ രണ്ടാംഘട്ട ശുചീകരണം ഇന്ന് ആരംഭിക്കും.
ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ വീടുകളിലേക്കു മടങ്ങിയതോടെ ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 92 ആയി കുറഞ്ഞു. 17805 അംഗങ്ങളാണ് ഇനി ക്യാമ്പുകളിൽ അവശേഷിക്കുന്നത്. കാർത്തികപ്പള്ളിയിലെ ഭക്ഷണവിതരണകേന്ദ്രത്തെ ആശ്രയിക്കുന്നവരുടെ എണ്ണം 90 ആയി. അമ്പലപ്പുഴയിലെ 10 ക്യാമ്പുകളിലായി 4378 പേരാണുള്ളത്. കുട്ടനാടുകാർക്കായുള്ള അമ്പലപ്പുഴയിലെ 23 ക്യാമ്പിൽ 5746 പേരും ചേർത്തലയിലെ ആറു ക്യാമ്പിൽ 2421 പേരുമാണുള്ളത്. മാവേലിക്കരയിൽ നാലു ക്യാമ്പുകളിലായി 518 പേരും ചെങ്ങന്നൂരിലെ 35 ക്യാമ്പുകളിലായി 2301 പേരും കാർത്തികപള്ളിയിലെ 14 ക്യാമ്പുകളിലായി 2441 അംഗങ്ങളുമാണ് അവശേഷിക്കുന്നത്.
കാർത്തികപ്പള്ളി താലൂക്ക് പരിധിയിലുള്ള അപ്പര്‍ കുട്ടനാട് മേഖലയില്‍ രണ്ടാംഘട്ട ശുചീകരണം ഇന്ന് ആരംഭിക്കും. ഒന്നാം ഘട്ടത്തില്‍ അപ്പര്‍ കുട്ടനാട്ടിലെ 40 ശതമാനം വീടുകളാണ് ശുചീകരിച്ചത്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളോ ഗോഡൌണുകളോ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അധ്യയനം പ്രായോഗികമല്ലാത്ത മറ്റു സ്കൂളുകള്‍ക്ക് അവധി നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി.
പത്തനംതിട്ടയില്‍ ഇനിയും ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നത് 650 പേര്‍
പത്തനംതിട്ട ജില്ലയില്‍ ഇനിയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 650 പേര്‍ മാത്രം. അപ്പര്‍ കുട്ടനാട് മേഖലയിലുള്ള 15 ദുരിതാശ്വാസ ക്യാമ്പുകളാണ് അവശേഷിക്കുന്നത്. വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ അവസാനിപ്പിക്കുകയോ അനുയോജ്യമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രളയക്കെടുതിയുടെ ആദ്യദിനങ്ങളില്‍ 543 ദുരിതാശ്വാസ ക്യാമ്പുകളിലായി 123000ല്‍ പരം ആളുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 15 ക്യാമ്പുകളില്‍ 650 പേര്‍ ഉണ്ട്. അപ്പര്‍ കുട്ടനാട് മേഖലയിലുള്ള കോഴഞ്ചേരി താലൂക്കില്‍ 6 ഉം തിരുവല്ല താലൂക്കില്‍ 9 ഉം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 22 ഇനം അവശ്യ സാധനങ്ങള്‍ അടങ്ങിയ 35500ല്‍ പരം ടേക്ക് ഹോം കിറ്റുകള്‍ വിതരണം ചെയ്യാനുള്ളതില്‍ 24500 എണ്ണം വിതരണം ചെയ്തു. വീടുകളിലേക്ക് മടങ്ങിയ കുടുംബങ്ങള്‍ക്ക് അതത് വില്ലേജ് ഓഫീസ് വഴി കിറ്റുകള്‍ വിതരണം ചെയ്യും.
പ്രളയ ബാധിത കുടംബങ്ങള്‍ക്ക് 10000 രൂപ വീതം നല്‍കുന്നത് 3080 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു, ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 8000ത്തോളം പേരുടെ വിവരശേഖരണം പൂര്‍ത്തിയാക്കി. വിദ്യാലയങ്ങളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും മാനസികമായി കരുത്ത് പകരുന്നതിനും സാമൂഹ്യനീതി വകുപ്പ് വിപുലമായ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.