പ്രളയമുഖത്ത് മൃതദേഹവും കയ്യിൽ പിടിച്ച് രണ്ടു നാൾ; കരളലിയിക്കും ഈ അനുഭവക്കുറിപ്പ് 

നൂറ്റാണ്ടിലെ മഹാപ്രളയമാണ് കഴിഞ്ഞ മാസം കേരളം അഭിമുഖീകരിച്ചത്. നൂറുകണക്കിന് മനുഷ്യരുടെ ജീവൻ കവർന്ന പ്രളയജലം കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തിന് വരുത്തിവച്ചത്

Update: 2018-09-07 16:31 GMT
Advertising

നൂറ്റാണ്ടിലെ മഹാപ്രളയമാണ് കഴിഞ്ഞ മാസം കേരളം അഭിമുഖീകരിച്ചത്. നൂറുകണക്കിന് മനുഷ്യരുടെ ജീവൻ കവർന്ന പ്രളയജലം കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തിന് വരുത്തിവച്ചത്. നിരവധിയാളുകൾക്ക് വീടുകളും സ്വത്തും നഷ്ടപ്പെട്ടു. ചുറ്റിലും വെള്ളം കയറിയതോടെ വീടുകൾക്ക് മുകളിൽ കുടുങ്ങിപ്പോയവരെ മത്സ്യത്തൊഴിലാളികളുടെയും സൈന്യത്തിന്റെയും സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് പ്രളയകാലത്ത് പലർക്കുമുണ്ടായത്. അത്തരമൊരു അനുഭവമാണ് മണ്ണാർക്കാട് സ്വദേശിയും ടി.വി ഇബ്രാഹിം എം.എല്‍.എയുടെ പേർസണൽ അസിസ്റ്റന്റുമായ ഷാഹുൽ മണ്ണാർക്കാട് പങ്ക് വെക്കുന്നത്.

ഷാഹുലിന്റെ അനുഭവക്കുറിപ്പ് വായിക്കാം:

ഓഗസ്റ്റ് 16ന് രാവിലെ 11.10 നാണ് തിരുവനന്തപുരം ആര്‍.സി.സിയില്‍ നിന്ന് ആ വിളി വരുന്നത്- മണ്ണാര്‍ക്കാട് മേലാമുറി സ്വദേശി മരക്കാര്‍ മരണപ്പെട്ടു. അപ്പോള്‍ ഒരു അത്യാവശ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആയിരുന്നു ഞാന്‍. മരണവാര്‍ത്ത കേട്ടതും നേരെ ആര്‍.സി.സിയിലേക്ക് പോയി. ആസ്പത്രിയില്‍ ഭര്‍ത്താവിന്റെ വിയോഗത്തില്‍ വേദനയോടെ കരഞ്ഞു കൊണ്ടിരിക്കുന്ന ഭാര്യ, ചികിത്സയുടെ ബില്ലുകളും മറ്റും അടക്കാനായി ഓടി നടക്കുന്ന മകന്‍. ആസ്പത്രിയിലേക്ക് പോകുമ്പോള്‍ തന്നെ മയ്യിത്ത് മൂടാനുള്ള തുണി വാങ്ങിയിരുന്നു. അവിടത്തെ നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കി ശരീരം മണ്ണാര്‍ക്കാട് എത്തിക്കണം.

അപ്പോള്‍ കേരളത്തില്‍ പ്രളയം തീവ്രമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. അറിയാവുന്ന പലരെയും വിളിച്ചു കുറഞ്ഞ നിരക്കില്‍ ഒരു ആംബുലന്‍സ് കിട്ടുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം സി.എച്ച് സെന്ററിലെ പ്രിയ സുഹൃത്ത് ഫത്താഹ് എസ്.കെ.എസ്.എസ്.എഫിന്റെ ഒരു ആംബുലന്‍സ് റെഡിയാക്കിത്തന്നു. നിലവിലെ സാഹചര്യം മനസ്സിലാക്കി മയ്യത്ത് കുളിപ്പിച്ച് മതാചാരപ്രകാരം കര്‍മ്മങ്ങള്‍ നടത്തി കൊണ്ടുപോവുന്നതാണ് നല്ലതെന്ന് തോന്നി. ഉടന്‍ തന്നെ അതിനുവേണ്ടി കുമാരപുരം പള്ളിയില്‍ എത്തി. അവിടെവെച്ച് കുളിപ്പിച്ച് പ്രാര്‍ത്ഥനാ നമസ്‌കാരം നടത്തി ആചാര പ്രകാരമുള്ള കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് 2.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. എത്രയും പെട്ടെന്ന് എറണാകുളം കടക്കുക എന്നതായിരുന്നു ലക്ഷ്യം. ലൈറ്റിട്ട് സൈറണ്‍ മുഴക്കി ആംബുലന്‍സ് പറന്നു.

വൈകുന്നേരം ഏഴ് മണിക്ക് എറണാകുളം ഇടപ്പള്ളിയില്‍ എത്തിയപ്പോള്‍ ആലുവ, അങ്കമാലി, ചാലക്കുടി പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണന്നും വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല എന്നും അറിഞ്ഞു. ഉടന്‍ വരാപ്പുഴ പാലം വഴി പറവൂര്‍-ചാവക്കാട് -കുന്ദംകുളം-വളാഞ്ചേരി വഴി മണ്ണാര്‍ക്കാട് പോവാന്‍ തീരുമാനിച്ചു. പറവൂര്‍ ടൗണിലൂടെ പറവൂര്‍ പാലം കയറി കുറച്ചു ദൂരം പോയതും മുന്നില്‍ ചെറുതായി വെള്ളം കയറി വരുന്നു. കുറച്ചു കൂടി മുന്നിലേക്ക് പോയപ്പോള്‍ ശക്തമായ വെള്ളക്കെട്ട്. വാഹനം ഉടന്‍ പുറകോട്ടു എടുക്കാൻ നോക്കുമ്പോള്‍ പിറകുവശത്ത് വെള്ളം കൂടി കൂടി വരുന്നു. ആംബുലന്‍സിന്റെ ഹെഡ്‌ലൈറ്റ് വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. ഫ്രീസര്‍ പ്രവര്‍ത്തിപ്പിക്കുന്ന ജനറേറ്റര്‍ വെള്ളത്തില്‍ മുങ്ങി ഓഫായി. ആംബുലന്‍സിന്റെ എഞ്ചിനില്‍ വെള്ളം കയറി സ്റ്റാര്‍ട്ടാവുന്നില്ല. ആംബുലന്‍സിന്റെ ഉള്ളിലും വെള്ളം. ഫ്രീസര്‍ വെള്ളത്തില്‍. കൂരാകൂരിരുട്ട്. പരിസരത്തുള്ള വീടുകള്‍ എല്ലാം വെള്ളത്തില്‍. നെഞ്ചോടൊപ്പം വെള്ളം. ഞങ്ങള്‍ എല്ലാവരും ഇറങ്ങി ആ വെള്ളക്കെട്ടിലൂടെ രണ്ടുകിലോമീറ്റര്‍ ദൂരം വാഹനം തള്ളി.

സ്വന്തം ഭര്‍ത്താവിന്റെ മൃതദേഹം, സ്വന്തം ബാപ്പയുടെ ചേതനയറ്റ ശരീരം... ഒന്നു കരയാന്‍ പോലും കഴിയാതെ നിസ്സഹയരായി വെള്ളത്തിലൂടെ. രാത്രി 10 മണിയോടെ ആംബുലന്‍സ് പറവൂര്‍ പാലത്തിലെത്തിച്ചു. ഇനി മൃതദേഹം ഫ്രീസര്‍ സംവിധാനമുള്ള ഒരു ഹോസ്പിറ്റലില്‍ എത്തിക്കണം. മറ്റൊരു ആംബുലന്‍സ് കിട്ടണം. എറണാകുളത്തെ ഒരുപാട് ആസ്പത്രികളില്‍ വിളിച്ചു. എവിടെയും ആംബുലന്‍സ് കിട്ടാനില്ല. അവസാനം പറവൂര്‍ താലൂക്ക് ആസ്പത്രിയില്‍ ഫ്രീസര്‍ സംവിധാനമുണ്ടന്നും ബോഡി അങ്ങോട്ട് എത്തിക്കാനും നിര്‍ദേശമുണ്ടായി. തുടര്‍ന്ന് വി.ഡി.സതീശന്‍ എം.എല്‍.എയുടെ സുഹൃത്ത് ബെന്നിച്ചന്‍ ആംബുലന്‍സുമായി വന്നു. രാത്രി 12.30 ന് പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം എത്തിച്ചു. നല്ല മഴ. മോര്‍ച്ചറിക്കു മുന്നില്‍ തണുത്ത് വിറച്ചു ഞങ്ങളും നേരം വെളുപ്പിച്ചു.

17 ന് രാവിലെ കണ്ട കാഴ്ച. ഇന്നലെ ഞങ്ങള്‍ കേടുവന്ന് നിര്‍ത്തിയ ആംബുലന്‍സിന്റെ മൂന്നു കിലോമീറ്റര്‍ അടുത്തേക്ക് പോലും എത്താന്‍ കഴിയാത്ത രീതിയില്‍ വെള്ളം കയറിയിരിക്കുന്നു. ആംബുലന്‍സ് ഒലിച്ചു പോയെന്ന് സമീപവാസികള്‍. പറവൂര്‍ ടൗണില്‍ കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ഒരു കുപ്പി വെള്ളം പോലും കിട്ടാനില്ല. ടൗണിലൂടെ കുറച്ച് നടന്നപ്പോള്‍ ഒരു ഷോപ്പിന് മുന്നില്‍ നീണ്ട വരി. ഷോപ്പില്‍ ബിസ്‌കറ്റ് മാത്രമാണുള്ളത്. ഞാനും വരി നിന്നു. മൂന്നു പാക്കറ്റ് ചോദിച്ചപ്പോള്‍ ഒരെണ്ണം മാത്രമേ കിട്ടൂ എന്ന് കടക്കാരന്‍. അപ്പോഴാണ് സ്ഥിതി അതീവ ഗുരുതരമാണന്ന് മനസ്സിലായത്. കിട്ടിയ ബിസ്‌ക്കറ്റുമായി ആശുപത്രിയുടെ മുന്നില്‍ എത്തിയപ്പോള്‍ ഒരു പെട്ടി ആട്ടോയില്‍ ബ്രഡ്ഡ് വിതരണം ചെയ്യുന്നു. ഒരാള്‍ക്ക് മൂന്നെണ്ണം കിട്ടും. ആദ്യം ഒന്ന് മടിച്ചു, പിന്നെ ഞാനും വരിയില്‍ കയറി മൂന്ന് പീസ് ബ്രഡ്ഡ് വാങ്ങി കൂടെ ഉള്ളവര്‍ക്ക് നല്‍കി. മനസ്സ് തകരുന്ന കാഴ്ച. നമ്മുടെ കേരളത്തില്‍ തന്നെയാണോ ഇതെന്ന് സംശയിച്ചു പോയി. അതിദയനീയം.

മൃതദേഹം മറവുചെയ്യാന്‍ മണ്ണാര്‍ക്കാട് മണലടി മഹല്ലില്‍ ഖബര്‍ തയാറായാക്കി കുടുംബക്കാരും നാട്ടുകാരും കാത്തിരിക്കുന്നു. സാഹചര്യം അനുകൂലമല്ല എന്ന തിരിച്ചറിവ് ചെറിയ ഭയം ഉണ്ടാക്കി. എങ്കിലും ധൈര്യം ചോരാതെ വീട്ടുകാരോട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. എറണാകുളത്ത് ഏതേലും പള്ളിയില്‍ ഖബറിടം ഒരുക്കാന്‍ ശ്രമം തുടങ്ങി. അങ്ങനെ ഇടപ്പള്ളി മഹല്ല് കമ്മിറ്റി സമ്മതം അറിയിച്ചു. ഇനി മൃതദേഹം ഇടപ്പള്ളിയില്‍ എത്തിക്കണം. എവിടെയും ആംബുലന്‍സ് കിട്ടാനില്ല. 23 കിലോമീറ്റര്‍ കറങ്ങി വേണം ഇടപ്പള്ളിയില്‍ എത്താന്‍. എന്റെ പ്രിയ സ്‌നേഹിതന്‍ ഇബ്രാഹിം ഉച്ചക്ക് ഒരു ആംബുലന്‍സ് സംഘടിപ്പിച്ചു പരവൂരിലേക്ക് പുറപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ ചെറായി പാലം കഴിഞ്ഞുള്ള വെള്ളക്കെട്ടില്‍ ആംബുലന്‍സ് കുടുങ്ങി. വീണ്ടും ടെന്‍ഷന്‍. അപ്പോഴാണ് ആശുപത്രിയുടെ പുറകുവശം മുഴുവന്‍ വെള്ളം കയറിയെന്നും എല്ലാവരും ഉടന്‍ അവിടം വിട്ടു പോകണമെന്നും അറിയിപ്പുണ്ടായത്. അധികൃതരോട് കാര്യം പറഞ്ഞപ്പോള്‍ മരിച്ച ആളിനെ വേണോ, അതോ നിങ്ങളുടെ ജീവന്‍ വേണോ എന്നായിരുന്നു മറുചോദ്യം. മരിച്ച ആളിന്റെ ഭാര്യയും മകനും നിലവിളിക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അറിയാവുന്നവരെയെല്ലാം സഹായത്തിനായി വിളിച്ചു. എല്ലാവരും നിസ്സഹായർ. ഇടപ്പള്ളി മഹല്ല് ഖബര്‍സ്ഥാനില്‍ ഖബര്‍ റെഡി. പക്ഷേ, മയ്യിത്ത് അവിടെ എത്തിക്കാന്‍ ഒരു മാര്‍ഗവും ഇല്ല.

അവസാനം കെ.എസ്.ആര്‍.ടി.സി ബസ്സിനെ ആശ്രയിക്കാന്‍ തീരുമാനിച്ചു. ആശുപത്രിയിൽ നിന്നും രോഗികള്‍ എല്ലാം നിലവിളിച്ച് പുറത്തേക്ക്. വീണ്ടും ഇബ്രാഹിം ഒരു ആംബുലന്‍സ് സംഘടിപ്പിച്ച് വരുന്നു. പ്രാര്‍ത്ഥനകളുടെ ഫലം മനസ്സിലാക്കിയ സമയം. ഉടന്‍ മൃതദേഹവുമായി ഇടപ്പള്ളി മഹല്ലിലേക്ക്. പറവൂര്‍ ടൗണ്‍ കഴിഞ്ഞ് ചെറായി പാലത്തില്‍ എത്തുന്നതിന് മുമ്പ് റോഡില്‍ വെള്ളക്കെട്ട്. ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ ആംബുലന്‍സ് ഡ്രൈവര്‍ വെള്ളക്കെട്ടിലൂടെ മുന്നോട്ട്. വീണ്ടും നാഥന്റെ പരീക്ഷണം. കുത്തി ഒഴുകുന്ന വെള്ളത്തിന്റെ നടുഭാഗത്ത് വെച്ച് ആംബുലന്‍സ് ഓഫായി കേടുവന്നു. കുറേചെറുപ്പക്കാരുടെ സഹായത്തോടെ ആംബുലന്‍സ് കരയിലേക്ക്. വെള്ളം കയറിയതിനാല്‍ ഈ ആംബുലന്‍സില്‍ ഇനി യാത്ര പറ്റില്ല. നടു റോഡില്‍ മയ്യിത്തുമായി കാത്തുനിന്നു. എന്തുചെയ്യണമെന്ന് അറിയില്ല. ഇടപ്പള്ളി മഹല്ലില്‍ എത്തിക്കാന്‍ ഒരു മാര്‍ഗവും ഇല്ല. സമയം വൈകുന്നേരത്തോട് അടുക്കുന്നു.

ഒടുവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി. അതുവഴി വന്ന ജോയിന്റ് ആര്‍.ടി.ഒയോട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ആംബുലന്‍സ് കിട്ടാന്‍ ഒരു മാര്‍ഗവും ഇല്ല. ആ പ്രദേശത്തെ ഏതേലും പള്ളിയില്‍ ഖബറടക്കം നടത്താനായി അടുത്ത ശ്രമം. മൂന്ന് മഹല്ലുകള്‍ വെള്ളം കയറിയതിനാല്‍ കുഴി എടുക്കാന്‍ കഴിയില്ല എന്നറിയിച്ചു. ഒടുവില്‍ ഇടവനക്കാട് മഹല്ല് ഭാരവാഹികള്‍ സമ്മതം അറിയിച്ചു. മറ്റൊരു വാഹനത്തില്‍ കെട്ടി വലിച്ചു നാലുകിലോമീറ്റര്‍ ദൂരത്തുള്ള ഇടവനക്കാട് പള്ളിയിലേക്ക്. മരിച്ച ആളിന്റെ രേഖകള്‍ എല്ലാം വെള്ളത്തില്‍പെട്ടു പോയതിനാല്‍ ഒരു ആശയക്കുഴപ്പം. തുടര്‍ന്ന് എം.എല്‍.എമാരുടെയും തങ്ങള്‍മാരുടെയും ഇടപെടലുണ്ടായി. എല്ലാവിധ മതാചാരപ്രകാരവും പ്രാര്‍ത്ഥനാ നിസ്‌കാരത്തൊടെ നൂറോളം ആളുകളുടെ സാന്നിധ്യത്തില്‍ ആറു മണിയോടെ മരക്കാര്‍ ഇക്കാനെ യാത്രയാക്കി. എല്ലാം കഴിഞ്ഞ് അവരെയും കൂട്ടി സുഹൃത്ത് ഇബ്രാഹിമിന്റെ വീട്ടിലേക്ക്. രണ്ടു ദിവസം അവിടെ താമസിച്ചു. വെള്ളം ഇറങ്ങിയതിനു ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.

ജീവിതത്തില്‍ ഉണ്ടായ ഈ അനുഭവം ഒരിക്കലും മറക്കാനാവില്ല. ഇത് ഒരു പാഠമാണ്. ഒരാള്‍ക്ക് വേണ്ടി മൂന്ന് ഖബറുകള്‍. സ്വന്തം ജീവന്‍ നഷ്ടപ്പെട്ടാലും ആ മൃതദേഹത്തിന് മുകളിൽ ഒരു തുള്ളി വെള്ളം പോലും വീഴരുതെന്ന ദൃഢനിശ്ചയവുമായി കുടുംബം. വിശപ്പും ദാഹവും എല്ലാം മറന്ന രണ്ട് ദിവസം. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍. ഉറ്റവര്‍ മരിച്ചു മുന്നില്‍ കിടക്കുമ്പോള്‍ ഒന്ന് കരയാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ബന്ധുക്കള്‍. പിതാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാന്‍ കഴിയാതെ നാട്ടില്‍ വാവിട്ടു കരയുന്ന മകള്‍. ഈ പ്രളയം എന്നെ പഠിപ്പിച്ച പാഠം. പരിശ്രമിക്കുക, മരണം മുന്നില്‍ കണ്ടാലും വീണ്ടും പരിശ്രമിക്കുക. ഈ രണ്ട് ദിവസം സഹായവുമായി നിരവധി ആളുകള്‍ എത്തിയിരുന്നു. പാണക്കാട് തങ്ങന്മാർ, എം.എല്‍.എ മാരായ വി.ഡി സതീശന്‍, ടി.വി. ഇബ്രാഹിം, അഡ്വ.എന്‍. ഷംസുദ്ദീന്‍, വി. കെ ഇബ്രാഹിം കുഞ്ഞ്, സുഹൃത്ത് ഇബ്രാഹിം, മണ്ണാര്‍ക്കാട്ടെ സുഹൃത്തുക്കള്‍, ഇടപ്പള്ളി മഹല്ല് ഭാരവാഹികള്‍, ഇടവനക്കാട് മഹല്ല് ഭാരവാഹികള്‍, യൂത്ത് ലീഗ് നേതാവ് സുല്‍ഫീക്കര്‍ സലാം, മുസ്‌ലിം ലീഗ് നേതാക്കള്‍, എം.എല്‍.എമാരുടെ പേഴ്‌സണല്‍സ്റ്റാഫുകള്‍, ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എല്ലാവരോടും കടപ്പാട് അറിയിക്കുന്നു.

Tags:    

Similar News