ചെറുതുരുത്തിയിൽ പിടികൂടിയത് 19.7 ലക്ഷം രൂപ
പണം കോൺഗ്രസിന്റെതാണെന്ന് സിപിഎമ്മും സിപിഎം കൊണ്ടുവന്നതാണെന്ന് കോൺഗ്രസും ആരോപിച്ചു.
തൃശൂർ: ചെറുതുരുത്തിയിൽ പിടികൂടിയത് 19.7 ലക്ഷം രൂപയെന്ന് പൊലീസ്. കുളപ്പുള്ളി ജയന്റെ വാഹനത്തിൽനിന്നാണ് പണം പിടികൂടിയത്. 25 ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖയും ഇവർ ഹാജരാക്കി. ഇന്ന് രാവിലെയാണ് കലാമണ്ഡലത്തിന് സമീപത്തുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംഘമാണ് പണം പിടികൂടിയത്. നിർമാണപ്രവർത്തനങ്ങക്ക് പിൻവലിച്ച പണമാണ് ഇതെന്നാണ് ജയൻ പൊലീസിനോട് പറഞ്ഞത്.
അതിനിടെ പണം കോൺഗ്രസിന്റെതാണെന്ന് സിപിഎമ്മും സിപിഎം കൊണ്ടുവന്നതാണെന്ന് കോൺഗ്രസും ആരോപിച്ചു. അഞ്ഞൂറോളം കോളനികൾ കേന്ദ്രീകരിച്ച് പണം നൽകി സിപിഎം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തങ്ങൾ നേരത്തെ തന്നെ ആരോപിച്ചിരുന്നുവെന്നും അതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്നതെന്നും കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. പണവുമായി പിടിയിലായ ജയൻ കരുവന്നൂർ കേസിലെ പ്രതികളുടെ അടുത്തയാളാണ്. ഇപ്പോൾ അദ്ദേഹം പണം കൈകാര്യം ചെയ്യുന്നത് ഇ.പി ജയരാജന്റെ നിർദേശപ്രകാരമാണെന്നും അനിൽ ആരോപിച്ചു.
കോൺഗ്രസ് പാലക്കാട് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം ചേലക്കരയിലും എത്തിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബു ആരോപിച്ചു. പിടിയിലായ ജയൻ കോൺഗ്രസ് കൗൺസിലറുമായി അടുത്ത ബന്ധമുള്ളയാളാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും സുരേഷ് ബാബു ആവശ്യപ്പെട്ടു.