ഇ.പി ജയരാജന്റെ പേരിലെ പുസ്തക വിവാദം; പൊലീസിന് മൊഴികൊടുക്കാതെ രവി ഡി.സിയുടെ ഒളിച്ചുകളി

പരാതിയിൽ അന്വേഷണം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ രവി ഡി.സി തയ്യാറായിട്ടില്ല

Update: 2024-11-22 00:51 GMT
Advertising

കോട്ടയം: ഇ.പി ജയരാജന്റെ പരാതിയിൽ പൊലീസിന് മൊഴികൊടുക്കാതെ ഡിസി ബുക്സ് ഉടമ രവി ഡി.സിയുടെ ഒളിച്ചുകളി. പരാതിയിൽ അന്വേഷണം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ രവി ഡി.സി തയ്യാറായിട്ടില്ല. വിദേശത്തായതിനാൽ സമയം പിന്നീട് അറിയിക്കാമെന്നാണ് രവിയുടെ നിലപാട്.

ഇ.പിയുമായി കരാറില്ലാത്തതിനാലാണ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രവി മൊഴി നൽകാൻ തയ്യാറാകാത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിസി ബുക്സ് ജീവനക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിരുന്നു. ഇ.പിയുമായി കരാർ ഉണ്ടായിരുന്നില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാൻ ആശയവിനിമയം നടത്തിയിരുന്നതായും ജീവനക്കാർ മൊഴി നൽകി. മറ്റൊരു പ്രസാധകരുമായി ഇ.പി ചർച്ച നടത്തിയത് അറിഞ്ഞ് ഡിസി ബുക്സ് മനപൂർവം പുസ്തകത്തിന്റെ പിഡിഎഫ് പുറത്തുവിട്ടതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അതേസമയം, ആത്മകഥാ വിവാദത്തിൽ സിപിഎം നേതാവ് ഇ.പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തി മൊഴിയെടുത്തത്. ഇ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി ജയരാജന്റെ ആത്മകഥ എന്ന പേരിൽ പുറത്തുവന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് പൊലീസ് നടപടി. ജയരാജന്റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും സിപിഎം നേതാവ് തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് ദിവസം പുസ്തകം പുറത്തുപോയതുൾപ്പെടെയുള്ള സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം അന്വേഷണിക്കണമെന്നും ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News