വികസനപ്രശ്നങ്ങള്‍ ജനവിധി നിശ്ചയിക്കുന്ന ആലുവ മണ്ഡലം
ആലുവയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുറുകുമ്പോള്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
ആലുവയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുറുകുമ്പോള്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിന്റെ ചരിത്രം യുഡിഎഫിന് അനുകൂലമാണെന്നിരിക്കെ രാഷ്ട്രീയ പോരാട്ടത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. എന്‍ഡിഎയും വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രചാരണ രംഗത്ത് സജീവമായുണ്ട്.
1957 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ വിജയിച്ചതുമുതല്‍ ആലുവ വലതുപക്ഷ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാണ്. 1980 മുതല്‍ 6 തവണ കോണ്‍ഗ്രസിന്റെ കെ മുഹമ്മദാലി മണ്ഡലത്തെ പ്രതിനിധീകരിച്ചതും ചരിത്രം. 2011 ല്‍ സിറ്റിംഗ് എംഎല്‍എ സിപിഎമ്മിന്റെ എ എം യൂസഫിനെ പരാജയപ്പെടുത്തി അന്‍വര്‍ സാദത്ത് മണ്ഡലത്തെ വീണ്ടും യുഡിഎഫ് പാളയത്തില്‍ എത്തിച്ചു. വീണ്ടും ജനവിധി തേടുമ്പോള്‍ ചരിത്രം തന്നെയാണ് അന്‍വര്‍ സാദത്തിന് പിന്‍ബലം. മണ്ഡലത്തിലെ 5 വര്‍ഷത്തെ പ്രവര്‍ത്തനവും വോട്ടാകുമെന്ന് അന്‍വര്‍സാദത്ത് കരുതുന്നു.
മണ്ഡലം തിരിച്ച് പിടിക്കാന്‍ സിപിഎം രംഗത്തിറക്കിയിരിക്കുന്നത് ആലുവ മുനിസിപ്പാലിറ്റി മുന്‍ വൈസ് ചെയര്‍മാനും ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഡി സലീമിനെയാണ്. ഇതിനോടകം ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയ സലിം ഗൃഹസന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചു
മുനിസിപ്പല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലഭിച്ച സ്വീകാര്യത മുന്‍നിര്‍ത്തിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ആലുവയില്‍ മത്സരിക്കുന്നത്. ജില്ല പ്രസിഡന്റ് പി ഐ സമദ് എന്ന സമദ് നെടുമ്പാശേരിയാണ് സ്ഥാനാര്‍ത്ഥി. ഇരു മുന്നണികളും അവഗണിച്ച ജനകീയ വിഷയങ്ങള്‍ വോട്ടാകുമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതീക്ഷ
ലത ഗംഗാധരനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പരമ്പരാഗത തൊഴില്‍ മേഖലയും ചെറുകിട വ്യവസായങ്ങളും നിരവധി ഉള്ള ആലുവയില്‍ വികസന പ്രശ്നങ്ങളാവും ജനവിധി നിര്‍ണയിക്കുക.