ഒഴിയുന്നത് സർക്കാറിന് തലവേദനയായ ഗവർണർ; പുതിയ ഗവർണറുമായും പോര് തുടരുമോ?

ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുമ്പോൾ സംസ്ഥാന സർക്കാരിന് താൽക്കാലികമായി ആശ്വസിക്കാം. എന്നാൽ അത് നീണ്ടുപോകാൻ സാധ്യത കുറവാണ്. കാരണം പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിൽ എന്ന് പറയുന്നത് പോലെയാണ് പുതിയ ഗവർണറുടെ നിയമനം.

Update: 2024-12-25 02:28 GMT
Editor : rishad | By : Web Bureau
Advertising

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ ഒഴിയുന്നതോടെ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഗവർണർ - സർക്കാർ പോരിന്റെ അഞ്ചുവർഷത്തിനാണ് താൽക്കാലിക വിരാമം ആകുന്നത്. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ചത് മുതൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് വരെ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്താണ്. 

പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ ആർഎസ്എസ് പ്രവർത്തകനായതിനാൽ സർക്കാരിന് സുഗമമായ ഭരണം ഇനിയും സാധ്യമാകില്ല.  

നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഗവർണർ പദവിയെ രാഷ്ട്രീയമായി ഉപയോഗിച്ചു തുടങ്ങിയത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത് നേരത്തെ ചെയ്തെങ്കിലും കേരളത്തിൽ പ്രകടമായത് ആരിഫ് മുഹമ്മദ് ഖാൻ വന്നതിനുശേഷമാണ്. തൊട്ടതിനും, പിടിച്ചതിനുമെല്ലാം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചു ആരിഫ് മുഹമ്മദ് ഖാൻ.

ഓരോ വർഷവും ആദ്യം നടക്കുന്ന സഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം വായിക്കുക എന്നത് ഗവർണറുടെ ഭരണഘടന ചുമതലയാണ്. എന്നാൽ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി എന്നതിന്റെ പേരിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി ഗവർണർ.

നയപ്രഖ്യാപന പ്രസംഗത്തിന്റെ തലേദിവസം രാത്രി വരെ അതിൽ ഒപ്പിടാതിരുന്നു. പിന്നീട് മുഖ്യമന്ത്രി തന്നെ വിവിധ ഇടപെടൽ നടത്തിയ ശേഷമാണ് അനുനയിപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്തെ ഒരു മന്ത്രിയോട് തനിക്കുള്ള പ്രീതി പിൻവലിക്കുന്നുവെന്ന് ഗവർണർ പത്രക്കുറിപ്പ് ഇറക്കി. ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ ആയിരുന്നു ഗവർണറുടെ രോഷം. ആവേശത്തിനപ്പുറം, നിയമപരമായി നിലനിൽക്കാത്തതുകൊണ്ട് കൂടുതൽ കൈകടത്തലിന് ആരിഫ് മുഹമ്മദ് ഖാൻ നിന്നില്ല.

ചാൻസലർ എന്ന നിലയിൽ സർവകലാശാല ഭരണങ്ങളിൽ ഇടപെടുന്നതായിരുന്നു പിന്നീട് കണ്ടത്. വിസിമാരുടെ നിയമനത്തിൽ സർക്കാരിനെ വെട്ടി ഗവർണർ സ്വന്തം തീരുമാനങ്ങളെടുത്തു. ഗവർണറുടെ ഇടപെടലുകൾ അതിക്രമിച്ചതോടെ സർക്കാർ കോടതിയെ സമീപിച്ചു. സർവകലാശാല സെനറ്റുകളിൽ സംഘ്പരിവാറുകാരെ തിരുകി കയറ്റി കേന്ദ്രസർക്കാരിന്റെ പ്രീതി പിടിച്ചുപറ്റി ഗവർണർ.

എസ്എഫ്ഐ വിദ്യാർത്ഥികളെ, തെരുവിൽ നേരിടാൻ ഇറങ്ങുന്ന ഗവര്‍ണറായും ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ കാലങ്ങളിൽ കാണാൻ കഴിഞ്ഞു. ഗവർണർക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയ എസ്എഫ്ഐക്കാരെ നേരിടാൻ റോഡിൽ കസേര ഇട്ടിരുന്നു ഇദ്ദേഹം.

ഭരണഘടനാ പ്രകാരം നിയമസഭ പാസാക്കുന്ന ബില്ലുകൾ വേഗത്തിൽ ഗവർണർ ഒപ്പിടണം. ബില്ലുകൾ ഒപ്പിടാൻ ഭരണഘടനയിൽ സമയപരിധി പറയാത്തത് കൊണ്ട് അതിനെ ആയുധമാക്കി നിയമസഭയെ കൊഞ്ഞനം കുത്തിയ ആൾ കൂടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിപിഎം പലപ്പോഴും ഗവർണർക്കെതിരെ തുറന്നുപറഞ്ഞപ്പോഴും, മുഖ്യമന്ത്രി കുറച്ചു മൗനം പാലിച്ചിരുന്നു. ചില ഘട്ടങ്ങളിൽ അതിരുവിട്ടപ്പോൾ തുറന്നടിച്ചു.

എന്നാൽ ഇതൊന്നും തനിക്ക് ബാധകമല്ല എന്ന നിലയിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവർഷത്തെ പ്രവർത്തനം. ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുമ്പോൾ സംസ്ഥാന സർക്കാരിന് താൽക്കാലികമായി ആശ്വസിക്കാം. എന്നാൽ അത് നീണ്ടുപോകാൻ സാധ്യത കുറവാണ്. കാരണം പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിൽ എന്ന് പറയുന്നത് പോലെയാണ് പുതിയ ഗവർണറുടെ നിയമനം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Bureau

contributor

Similar News