വിമതശല്യം വിട്ടൊഴിയാതെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം
കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങള്‍ക്ക് പിന്നാലെ ഇരിക്കൂറിലെ കോണ്‍ഗ്രസ് വിമതനും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുന്നു
വിമതശല്യം വിട്ടൊഴിയാതെ കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങള്‍ക്ക് പിന്നാലെ ഇരിക്കൂറിലെ കോണ്‍ഗ്രസ് വിമതനും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുന്നു. കെ.സി ജോസഫിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച വിമതരുടെ തെരഞ്ഞെടുപ്പ് കണ്‍വെഷന്‍ നാളെ ഇരിക്കൂറില്‍ നടക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പെ തുടങ്ങിയതാണ് ഇരിക്കൂറിലെ കോണ്‍ഗ്രസിനുളളില്‍ കലാപം. കെ.സി ജോസഫിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം ഫ്ലക്സും കോലം കത്തിക്കലും എന്തിന്, റോഡ് ഉപരോധിച്ച് വരെ പ്രതിഷേധിച്ചു. പക്ഷെ കാര്യമുണ്ടായില്ല. പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ച് എട്ടാം തവണയും കെ.സി ജോസഫ് തന്നെ ഇരിക്കൂറില്‍ സ്ഥാനാര്‍ഥി യായി. ഇതോടെയാണ് വിമതര്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. കെ.സി ജോസഫിനെതിരെ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് നാളെ പ്രവര്‍ത്തിക കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇരിക്കൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വൈകിട്ട് നാലിനാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍.
ഇരിക്കൂറിലെ വിമത നീക്കത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ രഹസ്യ പിന്തുണയുണ്ട് എന്നതും നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതിനിടയില്‍ കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വിമതന്‍ പി.കെ രാഗേഷിനെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം രാഗേഷുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇരു വിഭാഗങ്ങളും വിട്ടു വീഴ്ചക്ക് തയ്യാറാവാത്തതാണ് പരിഹാര ശ്രമങ്ങള്‍ക്ക് തടസമായത്. രാഗേഷിനെ മത്സര രംഗത്ത് നിന്നും പിന്മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന് ലീഗ് നേതൃത്വം അന്ത്യശാസനം നല്കിയതോടെ കണ്ണൂരിലെ വിമതശല്യം കോണ്‍ഗ്രസിന് കൂടുതല്‍ തലവേദനയായിരിക്കുകയാണ്.