നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വിഎസിനെതിരെ നിയമ നടപടി സ്വീകരിക്കും: ഉമ്മന്‍ചാണ്ടി

Update: 2016-12-14 02:19 GMT
Editor : admin
നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വിഎസിനെതിരെ നിയമ നടപടി സ്വീകരിക്കും: ഉമ്മന്‍ചാണ്ടി
Advertising

നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Full View

നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളവുമായാണ് വിഎസ് രാഷ്ട്രീയപ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതേസമയം, ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ, ഉത്തരങ്ങളില്ലെന്ന് വി എസ് അച്യുതാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിവാദ വിഷയങ്ങളില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് നിലപാട് ആരാഞ്ഞ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി.

തനിക്കും മന്ത്രിക്കുമാര്‍ക്കുമെതിരെ നിരവധി കേസുകളുണ്ടെന്നാണ് വിഎസിന്റെ പ്രചാരണം. ആ കേസുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെ ഒരു കേസുപോലും നിലവിലില്ല എന്നതാണ് വാസ്തവം. നട്ടാല്‍ കുരുക്കാത്ത പച്ചക്കളളങ്ങളുമായി രാഷ്ട്രീയ പ്രചാരണം നടത്തുന്ന വിഎസ് അച്യുതാനന്ദന്‍ ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അല്ലാത്തപക്ഷം വിഎസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളൂ, ഉത്തരങ്ങളില്ലെന്ന് ആരോപിച്ച് വിഎസും രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ ചോദ്യങ്ങള്‍ക്ക് മറ്റുള്ളവര്‍ മറുപടി നല്‍കണം. എന്നാല്‍ തന്റെ ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി നല്‍കുന്നില്ല. ഈ ഉഡായിപ്പ് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയത്തിന്റെ ആകെ അന്തസത്തയാണെന്നും ഇത് തുറന്നുകാണിക്കുന്നതിനുള്ള സുവര്‍ണാവസരമായി തെരഞ്ഞെടുപ്പിനെ കാണുന്നുവെന്നും വിഎസ് ഫേസ് ബുക് പോസ്റ്റില്‍ പറയുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ലാവ്‍ലിന്‍ വിഷയത്തില്‍ വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകളോട് താങ്കള്‍ യോജിക്കുന്നുണ്ടോ, ടിപി കേസില്‍ പഴയ നിലപാടില്‍ മാറ്റമില്ലെന്ന വിഎസിന്റെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയവയാണ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍. താന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് മാധ്യമ അഭിമുഖത്തില്‍ വി എസ് പറഞ്ഞതിനോടുളള പിണറായിയുടെ നിലപാട്, സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന വിഎസിന്റെ അഭിപ്രായത്തോടുളള നിലപാട് തുടങ്ങിയവയും ചെന്നിത്തല ഉന്നയിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News