ഹൈക്കോടതിയില്‍ ദലിത് വിവേചനമെന്ന് അഭിഭാഷകരുടെ പരാതി
ഗവ. പ്ലീഡര്‍ നിയമനത്തില്‍ പട്ടികജാതി പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ല
കേരള ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍ നിയമനത്തില്‍ പട്ടികജാതി പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്ന് പരാതി. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ദലിത് വിഭാഗത്തോട് പുലര്‍ത്തുന്ന അവഗണനയാണ് ഇതെന്ന് അഭിഭാഷകര്‍ പരാതിപ്പെടുന്നു. ഹൈക്കോടതിയില്‍ 108 പ്ലീഡര്‍മാരുണ്ടായിരിക്കെ 4 പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നിന്നുള്ളത്.
ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം ചര്‍ച്ചാവിഷയമായ സാഹചര്യത്തിലാണ് പുതിയ വിവാദം ഉയരുന്നത്. ലോ ഓഫീസര്‍മാരുടെ നിയമനം സംബന്ധിച്ച 1978ലെ ചട്ടപ്രകാരം 10 പ്ലീഡര്‍മാരെ നിയമിക്കുമ്പോള്‍ 2 പേര്‍ പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരാകണമെന്ന് നിര്‍ദ്ദേശിക്കുന്നു. അഡ്വ. ജനറലാണ് പ്ലീഡര്‍മാരുടെ പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍ ഒരു സര്‍ക്കാരും ഈ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നില്ലെന്നാണ് പരാതി. 1978ലെ ചട്ടപ്രകാരമുള്ള സംവരണം നല്‍കേണ്ടതില്ലെന്ന് 2013ല്‍ ജസ്റ്റിസ് സി മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരുടെ ഉത്തരവ് മറയാക്കിയാണ് പ്രാതിനിധ്യം നിഷേധിക്കുന്നത്.
പട്ടിക ജാതി - പട്ടിക വര്‍ഗ അഭിഭാഷകരോട് ഇപ്പോഴും തുടരുന്ന സവര്‍ണമനോഭാവമാണ് പ്ലീഡര്‍ നിയമനത്തിലെ അവഗണനക്ക് കാരണമെന്നും വിമര്‍ശമുണ്ട്.
നിലവില്‍ 108 പ്ലീഡര്‍മാരില്‍ 4 പേര്‍ മാത്രമാണ് പട്ടികജാതി വിഭാഗത്തില്‍ വിഭാഗത്തില്‍ നിന്നുള്ളത്. എസ് ടി വിഭാഗക്കാര്‍ ആരുമില്ല. കഴിഞ്ഞ വര്‍ഷം 130 പേരില്‍ 5 പേരാണ് പട്ടിക ജാതി വിഭാഗത്തില്‍ നിന്നുമുണ്ടായിരുന്നത്. ഈ വിഭാഗത്തില്‍ നിന്ന് 40 പേര്‍ അപേക്ഷ നല്‍കിയിരുന്നു.
10 വര്‍ഷത്തെ അഭിഭാഷക പരിചയമാണ് ഗവണ്‍മെന്റ് പ്ലീഡറായി നിയമിക്കുന്നതിനുള്ള യോഗ്യത. എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 7 കൊല്ലവും. ദലിത് വിഭാഗത്തില്‍ നിന്നുള്ള നിയമമന്ത്രി വന്നിട്ടും ഹൈക്കോടതിയില്‍ അയിത്തം നിലനില്‍ക്കുന്നത് ഖേദകരമാണെന്ന് അഭിഭാഷകര്‍ പറയുന്നു.