മദ്യനയം പുനഃപരിശോധിക്കണമെന്ന് ടൂറിസം മന്ത്രി
അന്താരാഷ്ട്ര സെമിനാറുകളില്‍ നിന്നും യോഗങ്ങളില്‍ നിന്നും കേരളം ഒഴിവാക്കപ്പെടുന്നുണ്ടെന്നും ടൂറിസം മേഖലയില്‍ വരുമാനത്തില്‍ വന്‍ കുറവുണ്ടായെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മദ്യനയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രി എ സി മൊയ്ദീന്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും കത്തയച്ചു. മദ്യനയം വിനോദസഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാണെന്ന് ചൂണ്ടാക്കാട്ടിയാണ് മന്ത്രിയുടെ കത്ത്.
എക്സൈസ് നയം പുനഃപരിശോധിക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും ടൂറിസം മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. യുഡിഎഫ് സർക്കാരിന്‍റെ മദ്യനയം മൂലം വിനോദസഞ്ചാര മേഖലയില്‍ നിന്നുളള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടൂറിസം മന്ത്രി എ സി മൊയ്ദീന്‍ കത്തയച്ചിരിക്കുന്നത്. മദ്യനയം തുടര്‍ന്നാല്‍ അത് ടൂറിസം രംഗത്ത് വന് തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രിക്കും എക്സൈസ് വകുപ്പ് മന്ത്രിക്കും അയച്ച കത്തില്‍ പറയുന്നു.
ബാര്‍ സൌകര്യം ഇല്ലാത്തതിനാല്‍ അന്താരാഷ്ട്ര സെമിനാറുകളും, യോഗങ്ങളും കേരളത്തില്‍ നടത്തപ്പെടുന്നില്ല. വിദേശ വിനോദസഞ്ചാരികളുടെ കേരളത്തിലേക്കുളള വരവിനെയും മദ്യനയം സാരമായി ബാധിച്ചിട്ടുണ്ട്. എക്സൈസ് നയം പുനഃപരിശോധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും മന്ത്രി എ സി മൊയ്ദീന്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. മദ്യനയം തിരിച്ചടിയായെന്ന് ടൂറിസം വകുപ്പിന്‍റെ അവലോകന റിപ്പോര്‍ട്ടിലും വിലയിരുത്തലുണ്ടായിരുന്നു. യുഡിഎഫ് സർക്കാരിന്‍റെ മദ്യനയം പുനഃപരിശോധിക്കുമെന്നതാണ് ഇടതുസര്‍ക്കാരിന്‍റെ സർക്കാരിന്‍റെ സമീപനം. പൊതുജനാഭിപ്രായം ശേഖരിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നാണ് സര്‍ക്കാര്‍ നിലപാട്.