കുന്നത്തൂരില്‍ വിജയം അഭിമാനപ്രശ്നം
രാഷ്ട്രീയ പോരാട്ടം എന്നതിലുപരി ആര്‍ എസ് പി ക്കും ആര്‍ എസ് പി എല്ലിനും കുന്നത്തൂരില്‍ വിജയം അഭിമാന പ്രശ്നമാണ്.
ആര്‍ എസ് പി വിട്ട് ആര്‍ എസ് പി എല്‍ രൂപീകരിച്ച കോവൂര്‍ കുഞ്ഞുമോനും ആര്‍ എസ് പിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂര്‍. രാഷ്ട്രീയ പോരാട്ടം എന്നതിലുപരി ഇരുകൂട്ടര്‍ക്കും ഇവിടെ വിജയം അഭിമാന പ്രശ്നമാണ്.
മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പോരാട്ടത്തിനാണ് കുന്നത്തൂര്‍ മണ്ഡലം ഇത്തവണ വേദിയാകുന്നത്. ഒരു പതിറ്റാണ്ടിലേറെ ആര്‍എസ്പിയുടെ ഭാഗമായി നിന്ന് കുന്നത്തൂരിനെ പ്രതിനിധീകരിച്ച കോവൂര്‍ കുഞ്ഞുമോന്‍ ഇത്തവണ ആര്‍എസ്പിക്കെതിരായി ഇവിടെ മത്സരിക്കും.
ഇവിടെ പരാജയപ്പെട്ടാല്‍ അത് കോവൂര്‍ കുഞ്ഞുമോനും അദ്ദേഹം രൂപീകരിച്ച ആര്‍എസ്പി ലെനിനിസ്റ്റും കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാകും. ഇടതുമുന്നണി പിന്തുണ ലഭിക്കുന്നുവെന്ന ആശ്വാസം കോവൂര്‍ കുഞ്ഞുമോനുണ്ട്. എന്നാല്‍ സിപിഐയിലെ ഒരു വലിയ വിഭാഗം കോവൂര്‍ കുഞ്ഞുമോനെതിരെ കുന്നത്തൂരില്‍ രംഗത്തെത്തിയിട്ടുണ്ട്.
കുഞ്ഞുമോന്റെ ബന്ധുവായ ഉല്ലാസ് കോവൂരിനെയാണ് ആര്‍ എസ് പി ഇവിടെ രംഗത്തിറക്കുന്നത്. മണ്‍വെട്ടിയും മണ്‍കോരിയുമടയാളത്തില്‍ കാലങ്ങളായി വോട്ടുചെയ്യുന്നവര്‍ ഇത്തവണയും മാറിച്ചിന്തിക്കില്ലെന്നാണ് ഉല്ലാസ് കോവൂരിന്‍റെ പ്രതീക്ഷ.
എന്‍ഡിഎയില്‍ ബിഡിജെഎസാകും കുന്നത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കുകയെന്നാണ് സൂചന.