ഇടത് വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചതിന് വിദ്യാര്‍ഥിക്ക് പഠനം നിഷേധിച്ചു
കണ്ണൂര്‍ മാഹി സ്വദേശിയായ അഭിജിത്തിന് മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ് അധികൃതരാണ് പഠനം നിഷേധിച്ചത്
ഇടത് വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചതിന് നിര്‍ധനനായ വിദ്യാര്‍ത്ഥിക്ക് പഠനം നിഷേധിച്ചു. കണ്ണൂര്‍ മാഹി സ്വദേശിയായ അഭിജിത്തിന് മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ് അധികൃതരാണ് പഠനം നിഷേധിച്ചത്. അമ്മയുടെ ചികിത്സയ്ക്കായി പഠനത്തിനിടെ ജോലിയും ചെയ്താണ് ഈ വിദ്യാര്‍ത്ഥി ജീവിക്കുന്നത്. നിലവില്‍ പഠനം തുടരാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അഭിജിത്ത്.
അച്ഛന്റെ മരണശേഷം മാഹിയില്‍ നോക്കാന്‍ ആരുമില്ലാതെ വന്നതോടെയാണ് രോഗബാധിതയായ അമ്മയുടെ ചികിത്സയ്ക്കും പഠനത്തിനുമായി അഭിജിത്ത് കൊച്ചിയിലേക്ക് എത്തിയത്. അമ്മയെ സഹോദരിയുടെ വീട്ടില്‍ താമസിപ്പിച്ച ശേഷം ഹോട്ടലില്‍ ജോലി ചെയ്ത് പഠനം മുന്നോട്ട് കൊണ്ടുപോകാനായിരുന്നു
തീരുമാനം. കൂത്തുപറമ്പ് നിര്‍മ്മലാ കോളേജിലെ ബിഎ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ വീണ്ടും ചേര്‍ന്നു. എന്നാല്‍ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് കോളേജ് അധികൃതര്‍ വിളിച്ച് അഭിജിത്തിനോട് കോളേജില്‍ വരേണ്ടെന്ന് അറിയിച്ചു. ഇതിന്റെ കാരണം അന്വേഷിച്ച് കോളേജില്‍ എത്തിയപ്പോഴാണ് കണ്ണൂരിലെ എസ്എഫ്ഐയില്‍ പ്രവര്‍ത്തിച്ചതിനാലാണെന്ന് അധികൃതര്‍ പറഞ്ഞത്. പഠിക്കാനുള്ള അവസരത്തിനായി അഭിജിത്ത് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മാഹിയില്‍ വെച്ച് വാടക നല്കാന്‍ പണമില്ലാതെ വന്നതോടെ അമ്മയെ അയല്‍പകത്തെ വീട്ടിലാക്കിയാണ് ജോലിക്കും പഠനത്തിനുമായി അഭിജിത്ത് പോയിരുന്നത്. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല.