മരുന്നില്ല; മലപ്പുറത്ത് രോഗ പ്രതിരോധ ക്യാമ്പ് നിലച്ചു
മലപ്പുറം ജില്ലയില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പിന് വാക്സിന്‍ നല്‍കുന്നതില്‍ ആരോഗ്യ വകുപ്പ് അവഗണിക്കുന്നതായി പരാതി.
മലപ്പുറം ജില്ലയില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പിന് വാക്സിന്‍ നല്‍കുന്നതില്‍ ആരോഗ്യ വകുപ്പ് അവഗണിക്കുന്നതായി പരാതി. വര്‍ഷങ്ങളായി ജില്ലക്ക് ആവശ്യമായ വാക്സിനുകള്‍ ലഭിക്കുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ഡിഫ്ത്തീരിയ വ്യാപകമായ സാഹചര്യത്തിൽ പോലും വാക്സിന് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. മരുന്ന് കിട്ടാത്തതിനാല്‍രണ്ട് ദിവസമായി ജില്ലയിൽ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം രണ്ട് മരണം ഉള്‍പ്പെടെ ഏഴ് ഡിഫ്ത്തീരിയ കേസുകള്‍ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. അതിന് മുമ്പും ഒറ്റപ്പെട്ട കേസുകള്‍ ചിലയിടങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാൽ രോഗം തടയുന്നതിനുള്ള പ്രവർത്തനങ്ങള്‍ മാത്രം നടന്നില്ല. വാക്സിൻ കുറവ് കാരണം പലപ്പോഴും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ മുടങ്ങിയതായി ഡോക്ടർമാർ പറയുന്നു. നേരത്തെ ഡിഫ്തീരിയ ബാധിച്ചതായി സംശയിച്ച് ചികിത്സയിലായിരുന്ന അനൂജിന്റെ അച്ഛന്‍ പറയുന്നതും വാക്സിൻ എത്തിയാല്‍ കുത്തിവെപ്പ് എടുക്കുമെന്നാണ്.
അതേസമയം, 30,000 പ്രതിരോധ വാക്സിനുകള്‍ ഇന്നെത്തുമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മീഡിയവണിനോട് പറഞ്ഞു.