ആന്‍ട്രിക്സ് - ദേവാസ് ഇടപാട്: ജി മാധവന്‍നായര്‍ക്കെതിരെ കുറ്റപത്രം

Update: 2017-08-31 11:00 GMT
ആന്‍ട്രിക്സ് - ദേവാസ് ഇടപാട്: ജി മാധവന്‍നായര്‍ക്കെതിരെ കുറ്റപത്രം
Advertising

സിബിഐയാണ് മാധവന്‍ നായരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

വിവാദമായ ആന്‍ട്രിക്സ് - ദേവാസ് അഴിമതിക്കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐഎസ്ആര്‍ഒയുടെ എസ് ബാന്‍ഡ് സ്പെക്ട്രം കുറഞ്ഞ വിലയ്ക്ക് സ്വകാര്യകമ്പനിയായ ദേവാസിന് കൈമാറാന്‍ കരാറുണ്ടാക്കിയെന്നാണ് കേസ്. കേസ് നിയമപരമായി നേരിടുമെന്ന് മാധവന്‍നായര്‍ മീഡിയവണിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ജി മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസും 2005ലാണ് കരാറുണ്ടാക്കിയത്. ആശയ വിനിമയ വ്യവസായത്തെ സഹായിക്കുന്ന ജി സാറ്റ് - 6, ജി സാറ്റ് - 6എ എന്നീ രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഐഎസ്ആര്‍ഒ തീരുമാനിച്ചിരുന്നു. ഈ രണ്ട് ഉപഗ്രങ്ങളിലെയും 10 ട്രാന്‍സ്‌പോണ്ടറുകള്‍ വീതം ദേവാസിന് ലഭിക്കും വിധത്തിലായിരുന്നു കരാര്‍. സിഎജിയുടെ പ്രാഥമിക പരിശോധനയനുസരിച്ച് ഈ കരാര്‍ വഴി ഖജനാവിന് രണ്ട് ലക്ഷം കോടിയിലേറെ രൂപ നഷ്ടം സംഭവിക്കും. ഐഎസ്ആര്‍ഒയുടെ മുന്‍ സയന്റിഫിക് സെക്രട്ടറി ഡോ. എം ജി ചന്ദ്രശേഖറാണ് ദേവാസിന്റെ ചെയര്‍മാന്‍. ഇതിന്റെ തുടര്‍ച്ചയാണ് 70 മെഗാ ഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം കുറഞ്ഞ വിലക്ക് 20 വര്‍ഷത്തേക്ക് കൈമാറുന്നതിനുള്ള പാട്ടക്കരാര്‍.

ഇടപാടില്‍‌ അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനായ പ്രത്യുഷ് കമ്മറ്റി റിപ്പോര്‍ട്ടും മാധവന്‍നായര്‍ക്ക് എതിരായിരുന്നു. കരാര്‍ സംബന്ധന്ധിച്ച ഇടപാട് വിവാദമായതോടെ 2011 ഫെബ്രുവരി 17ന് കരാര്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ കരാര്‍ റദ്ദാക്കിയ നടപടി നിലനില്‍ക്കില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുള്ളപ്പോള്‍ സിബിഐ കുറ്റപത്രം നല്‍കിയതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് മാധവന്‍ നായര്‍ പ്രതികരിച്ചു

ലോക വിപണിയില്‍ തന്നെ രൂക്ഷമായ ക്ഷാമം നേരിടുന്ന എസ് ബാന്‍ഡ് സ്‌പെക്ട്രം മത്സരാധിഷ്ഠിത ലേലം കൂടാതെ കൈമാറി, സംഘടനയിലെ നിയന്ത്രണ സംവിധാനങ്ങളൊന്നും വിനിയോഗിച്ചില്ല, കരാറിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, മന്ത്രിസഭ, ബഹിരാകാശ കമ്മീഷന്‍ എന്നിവയെ വേണ്ടുംവിധത്തില്‍ അറിയിച്ചില്ല, ഐഎസ്ആര്‍ഒയുടെ ചെലവ് കുറച്ച് കാണിച്ചു, സ്വകാര്യ ഉപഭോക്താവിന് വേണ്ടി ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന് പൊതുപണം മാറ്റിവെച്ചു തുടങ്ങിയവയാണ് ഈ ഇടപാടില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകള്‍. ജി മാധവന്‍ നായര്‍ക്കു മുന്‍പ് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണനെയും ഈ കേസില്‍ സിബിഐ ചോദ്യം ചെയ്തിരുന്നു.

Tags:    

Similar News