തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ചടയമംഗത്ത് കനത്ത മത്സരം
ഇടത്തോട്ടും വലത്തോട്ടും മാറിമറിയുന്ന മണ്ഡലത്തിന്‍റെ പാരമ്പര്യം മുന്നണികളെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്.
തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ചടയമംഗത്ത് മത്സരം മുറുകുകയാണ്. പ്രചാരണ രംഗത്ത് ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇടത്തോട്ടും വലത്തോട്ടും മാറിമറിയുന്ന മണ്ഡലത്തിന്‍റെ പാരമ്പര്യം മുന്നണികളെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്.
2001ല്‍ യുഡിഎഫ് വിജയിച്ചെങ്കിലും ഇപ്പോള്‍ എല്‍ഡിഎഫിന് സ്വാധീനമുള്ള മണ്ഡലമാണ് ചടയമംഗലം. കഴിഞ്ഞ രണ്ട് തവണയും ഇടതിനോടൊപ്പം നിന്ന മണ്ഡലം. ഇരുപതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സിറ്റിങ് എംഎല്‍എ മുല്ലക്കര രത്നാകരന്‍ ഇത്തവണ പാട്ടുംപാടി ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് അങ്കത്തിനിറങ്ങിയത്.
ശക്തനായ എതിരാളിയെ തന്നെ മത്സരിപ്പിക്കാനായിരുന്നു പക്ഷെ യുഡിഎഫിന്‍റെ തീരുമാനം. മുതിര്‍ന്ന കോൺഗ്രസ് നേതാവ് എംഎം ഹസന്‍ തന്നെ പോരാട്ടത്തിനെത്തി. പ്രചാരണം മുറുകിയതോടെ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ യുഡിഎഫിനായി.വാഹന പ്രചാരണങ്ങളുമായി സ്ഥാനാര്‍ത്ഥികളെത്താത്ത ഇടങ്ങളില്ല മണ്ഡലത്തില്‍. എന്‍ഡിഎ സഖ്യവും മത്സരത്തില്‍ സജീവമാണ്. ചെറുകക്ഷികളും പ്രമുഖ മുന്നണികള്‍ക്ക് കുറവല്ലാത്ത വെല്ലുവിളിയാണ് മണ്ഡലത്തില്‍ ഉയര്‍ത്തുന്നത്.