കാലംതെറ്റിയ കാലാവസ്ഥയില്‍ വയനാടിനെ പച്ചപ്പുതപ്പിക്കാന്‍ വനംവകുപ്പ്
കാലംതെറ്റിയ കാലാവസ്ഥയില്‍ നിന്നു വയനാടിനെ പച്ചപ്പുതപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പും ജില്ലാ ഭരണകൂടവും.
കാലംതെറ്റിയ കാലാവസ്ഥയില്‍ നിന്നു വയനാടിനെ പച്ചപ്പുതപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പും ജില്ലാ ഭരണകൂടവും. ഈ പരിസ്ഥിതി ദിനത്തില്‍ ഇതിനു തുടക്കം കുറിയ്ക്കും. മുളകളുടെ വ്യാപനവും പുഴകളുടെ സംരക്ഷണവും ഇത്തവണത്തെ പ്രത്യേക പദ്ധതിയാണ്.
പത്തുലക്ഷം മരത്തൈകള്‍. ഇത് വയനാടിന്റെ വിവിധ ഭാഗങ്ങളിലായി പരിസ്ഥിതി ദിനം മുതല്‍ വേരുപിടിയ്ക്കും. വയനാടിന്റെ കുളിരിനെ തിരിച്ചുകൊണ്ടുവരാന്‍. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിയ്ക്കാന്‍. ജലലഭ്യത ഉറപ്പാക്കാന്‍. സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിനു കീഴിലെ ജില്ലയിലെ വിവിധ നഴ്സറികളില്‍ ഒരുങ്ങുന്നത് മൂന്നു ലക്ഷം മരത്തൈകളാണ്. ഇത് കൂടുതലായും സ്കൂളുകളിലാണ് വിതരണം ചെയ്യുന്നത്. കൂടാതെ, ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓര്‍മ മരം പദ്ധതിയുടെ ഭാഗമായി ഏഴുലക്ഷം തൈകളും ജില്ലയില്‍ നടും. വരള്‍ച്ച രൂക്ഷമായ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളെ സംരക്ഷിയ്ക്കാനായി കബനി പുഴയോരത്ത് മുളകളും മരങ്ങളും വച്ചുപിടിപ്പിയ്ക്കുന്ന പദ്ധതിയാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.
കബനിയുടെ തീരത്ത് അയ്യായിരം മുളത്തൈകളും പതിനയ്യായിരം മരത്തൈകളും നടും. കൂടാതെ, ജില്ലയിലെ മുഴുവന്‍ പുഴകളുടെയും സംരക്ഷണവും പരിസ്ഥിതി ദിനത്തില്‍ ആരംഭിയ്ക്കും. വനത്തിനുള്ളില്‍ ഫലവൃക്ഷത്തൈകള്‍ നടുന്ന പദ്ധതിയും വനംവകുപ്പിന്റെ പരിഗണനയില്‍ ഉണ്ട്. എല്ലാ വര്‍ഷവും മരത്തൈകള്‍ നടാറുണ്ടെങ്കിലും കൃത്യമായ പരിപാലനം നടക്കാറില്ല. എന്നാല്‍, ഈ വര്‍ഷം ഇതിനായി പ്രത്യേക പദ്ധതിയുമുണ്ട്. സ്കൂളുകളിലെ എന്‍എസ്എസ്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നവരെ ഇതിനായി ചുമതലപ്പെടുത്തും. മരങ്ങളുടെ പരിപാലനം കൃത്യമായി നിരീക്ഷിക്കും. ആഗോള താപനത്തിന്റെ ഭാഗമായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ഹരിത കവചം ഒരുക്കുകയെന്ന വലിയ ലക്ഷ്യമാണ് ഈ പരിസ്ഥിതി ദിനം മുതല്‍ വയനാട്ടില്‍ നിറവേറ്റപ്പെടുന്നത്.