സുധീരന്‍ - ഉമ്മന്‍ചാണ്ടി തര്‍ക്കം: സോണിയ ഗാന്ധി ഇടപെടുന്നു

Update: 2017-12-15 08:07 GMT
Editor : admin
സുധീരന്‍ - ഉമ്മന്‍ചാണ്ടി തര്‍ക്കം: സോണിയ ഗാന്ധി ഇടപെടുന്നു
Advertising

കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഹൈകമാന്‍ഡിന്‍റെ അടിയന്തര നിര്‍ദേശം.

കോണ്‍ഗ്രസിന്‍റെ സീറ്റ് നിര്‍ണയം സംബന്ധിച്ച് വി എം സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള തര്‍ക്കത്തി‍ല്‍ സോണിയ ഗാന്ധി ഇടപെടുന്നു. ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ കണ്ടു. രമേശ് ചെന്നിത്തല അല്‍പസമയത്തിനകം സോണിയെ കാണും. സുധീരന്‍ വൈകിട്ടാകും സോണിയാ ഗാന്ധിയെ കാണുക.

അതേ സമയം തര്‍ക്കം പരിഹരിക്കാനുള്ള അനുരഞ്ജനശ്രമം പാളുന്നു. തര്‍ക്കമുള്ള അഞ്ച് മണ്ഡലങ്ങളില്‍ പാനല്‍ അവതരിപ്പിക്കും. അന്തിമ തീരുമാനം തെര‍ഞ്ഞടുപ്പ് സമിതി എടുക്കും. സ്ക്രീനിംഗ് കമ്മിറ്റിയും ഇന്ന് ചേരും.

കെ സി ജോസഫ്, കെ ബാബു, ബെന്നി ബെഹനാന്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് വി എം സുധീരനും ഇവര്‍ക്ക് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടിയും നിലപാടെടുത്തതോടെയാണ് കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയ തര്‍ക്കം മൂര്‍ഛിച്ചത്. ഇന്നലെ മുഖ്യമന്ത്രി തന്റെ നിലപാട് ഹൈകമാന്‍ഡ് നേതാക്കളെ നേരില്‍ കണ്ടറിയിച്ചിരുന്നു. സുധീരന്‍ രാഹുല്‍ ഗാന്ധിയെ കണ്ടും നിലപാട് വ്യക്തമാക്കി. നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറയുകയും ചെയ്തു.

രമേശ് ചെന്നിത്തല അനുരഞ്ജന ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്നാണ് ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരുമായി ആശയ വിനിമയം നടത്തിയ ശേഷം വി എം സുധീരനെയും ഉമ്മന്‍ചാണ്ടിയെയും രാഹുല്‍ ഗാന്ധി വിളിപ്പിച്ചത്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ വ്യക്തമായ സമവായ ഫോര്‍മുലകള്‍ ഉരുത്തിരിഞ്ഞിട്ടില്ല. തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് മാത്രമാണ് ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞത്.

ഹൈകമാന്‍ഡ് നടത്തിയ പരിഹാര ശ്രമവും വിജയിക്കാതിരുന്നതോടെ സംസ്ഥാന നേതാക്കള്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള നിര്‍ദേശം നല്‍കി. സ്ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ തന്നെ തര്‍ക്കവിഷയങ്ങളില്‍ തീരുമാനമെടുക്കണമെന്നും തെരഞ്ഞെടുപ്പ് സമിതിയിലേക്ക് എത്തിക്കരുതെന്നും ഹൈകമാന്‍ഡ് നിര്‍ദേശിച്ചു. ‌

Tags:    

Writer - admin

contributor

Editor - admin

contributor

Similar News