പാലക്കാട്ടെ തോല്‍വി; ബിജെപി വിമതർ ഒരു കോൺഗ്രസ് എംപിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടെന്ന് കണ്ടെത്തല്‍
പാലക്കാട്ടെ തോൽവി ബിജെപി കേന്ദ്ര നേതൃത്വം അന്വേഷിക്കും
പാലക്കാട്: പാലക്കാട്ടെ തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ ആസൂത്രിതമായ വിമത നീക്കമെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ. ബിജെപി വിമതർ ഒരു കോൺഗ്രസ് എം.പിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടെന്നാണ് കണ്ടെത്തൽ. മലബാറിലെ സംസ്ഥാന നേതാവ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ റിപ്പോർട്ട് കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് കൈമാറുകയും ചെയ്തു.
പാലക്കാട്ടെ തോൽവിയിൽ അന്വേഷണവും നടപടിയും വേണമെന്ന സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ആവശ്യത്തെ ഗൗരവസ്വഭാവത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി പാലക്കാട്ടെ 40 വിമത നേതാക്കളുടെ ഫോൺ രേഖകൾ കേന്ദ്ര നേതൃത്വം പരിശോധിച്ചു. ഈ നേതാക്കൾ ഉപതെരഞ്ഞെടുപ്പ് കാലത്ത് ഒരു കോൺഗ്രസ് എംപിയുമായി നിരന്തരം ബന്ധപ്പെട്ടെന്ന കണ്ടെത്തലാണ് കേന്ദ്ര നേതൃത്വം നടത്തിയിരിക്കുന്നത്. കൂടാതെ ആസൂത്രിത നീക്കം പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണ് ഉണ്ടായതെന്നും പ്രാഥമിക കണ്ടെത്തലുണ്ട്.
എന്നാൽ മലബാറിലെ ഒരു സംസ്ഥാന നേതാവ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണമുയർത്തിയുള്ള റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചു. പാലക്കാട്ടെ തോൽവി ഔദ്യോഗികമായി അന്വേഷിക്കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചു. കേരളത്തിന്‍റെ ചുമതലയുള്ള സഹപ്രഭാരി അപരാജിത സാരംഗിക്കും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറിനുമാണ് ചുമതല. പരസ്യപ്രസ്താവനകൾ തർജ്ജമ ചെയ്തു നൽകണമെന്നും ഇരുവർക്കും നിർദേശം നൽകിയിട്ടുണ്ട്.
സംഘടനാ തെരഞ്ഞെടുപ്പ് മാത്രമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്ന നേതൃയോഗത്തില്‍ ചര്‍ച്ചയാവുകയെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. വി. മുരളീധരൻ അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നത് അടക്കം മാധ്യമങ്ങളുടെ ചവറ് വാർത്തയാണ്. മാധ്യമങ്ങൾ വൈകിട്ട് നിരാശരായി മടങ്ങേണ്ടി വരും. ബിജെപിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരഞ്ഞെടുപ്പ് തോൽവിയിൽ വ്യക്തിപരമായി ആർക്കെതിരെയും നടപടി ആഗ്രഹിക്കുന്നില്ലെന്ന് പാലക്കാട് എന്‍ഡിഎ സ്ഥാനാർഥി സി.കൃഷണകുമാർ പറഞ്ഞു. നിഷ്പക്ഷ വോട്ടുകൾ ലഭിക്കാത്തതാണ് തോൽവിക്ക് കാരണം. ശോഭാ സുരേന്ദ്രൻ പ്രചാരണ രംഗത്ത് സജീവമല്ലായിരുന്നു എന്നത് മാധ്യമ സൃഷ്ടിയാണ്. പ്രമീള ശശിധരൻ വൈകാരികമായി പ്രതികരിച്ചതാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.