പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി പ്രഖ്യാപനം നാളെ

ഇരുപത് കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ വിഭാവനം ചെയ്തിട്ടുള്ളത്

Update: 2024-11-26 02:29 GMT
Advertising

കല്‍പറ്റ: മുണ്ടക്കൈയിലും ചൂരല്‍മലയിലുമണ്ടായ ഉരുള്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച സമഗ്ര പുനരധിവാസ പദ്ധതി 'എറൈസ് മേപ്പാടി -Arise Meppadi ' പ്രഖ്യാപനം നവംബര്‍ 27ന് മേപ്പാടിയില്‍ നടക്കും. ഇരുപത് കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികളാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ വിഭാവനം ചെയ്തിട്ടുള്ളത്.

ദുരന്തം സംഭവിച്ച ദിവസം മുതല്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും മേപ്പാടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്നു. ദുരന്തബാധിതരുടെ സമഗ്ര പുനരധിവാസത്തിനാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ അടുത്ത ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. മേപ്പാടിയില്‍ റീജ്യനല്‍ സെന്റര്‍ തുറക്കുകയും വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ തുടങ്ങിയ മേഖലകളില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

2018 ലെയും 2019 ലെയും പ്രളയ പുനരധിവാസവും പുത്തുമല-കവളപ്പാറ ഉരുള്‍ ദുരന്ത പുനരധിവാസവും സമയബന്ധിതമായി പൂര്‍ത്തീകരിച്ച അനുഭവത്തില്‍നിന്നാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്ത ബാധിതര്‍ക്കായി 'എറൈസ് മേപ്പാടി' എന്ന പേരില്‍ സമഗ്ര പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കുന്നത്. ദുരന്ത ബാധിതരെ സജീവതിയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഭവനം, നഷ്ടപ്പെട്ട വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ പുനഃസ്ഥാപിക്കുകയും അവരുടെ ജീവനോപാധി പുനഃസ്ഥാപിക്കുകയും ചെയ്യുക, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും കുടുംബത്തിലെ വരുമാനമാര്‍ഗം ഇല്ലാതായവര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉറപ്പാക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കുക, നൈപുണ്യ വികസന പരിപാടികള്‍ നടപ്പാക്കി തൊഴില്‍ ശേഷി വര്‍ധിപ്പിക്കുക, സ്വയംതൊഴില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തൊഴില്‍ ശേഷി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുക, കമ്യൂണിറ്റി സെന്റര്‍ സ്ഥാപിച്ച് സാമൂഹ്യ സംയോജനം പ്രോത്സാഹിപ്പിക്കുക, പ്രകൃതിദുരന്തങ്ങളെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയും ദുരന്ത സമയത്ത് എങ്ങനെ പ്രതികരിക്കണം എന്ന് പഠിപ്പിക്കുകയും ചെയ്യുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തയ്യാറാക്കിയ പ്രാഥമിക പഠനറിപ്പോര്‍ട്ട് (റാപ്പിഡ്) സവിശേഷമായ ഒരു ഉദ്യമമായിരുന്നു. പുനരധിവാസപ്രവര്‍ത്തനം നടത്താനുദ്ദേശിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ ദുരന്തത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളും എളുപ്പത്തില്‍ മനസ്സിലാകുന്ന തരത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ദുരന്തപ്രദേശത്ത് പൂര്‍ണമായി നശിച്ച വീടുകള്‍, വാസയോഗ്യമല്ലാത്ത വീടുകള്‍, അവിടങ്ങളില്‍ താമസിച്ച ആളുകളുടെ വിവരങ്ങള്‍, മരിച്ചവര്‍ തുടങ്ങിയവ ജിയോ മാപ്പിങ്ങിലൂടെയുള്ള സാറ്റലൈറ്റ് സര്‍വേ റിപ്പോര്‍ട്ടിലൂടെ മനസ്സിലാകും. തകര്‍ന്ന കെട്ടിടങ്ങള്‍, ഉരുള്‍പൊട്ടല്‍ വന്ന വഴി തുടങ്ങിയവയും മനസ്സിലാക്കാന്‍ കഴിയും.

വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ടുകൂടിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ പി. മുജീബ് റഹ്‌മാന്‍ നിര്‍വഹിക്കും. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ഐ നൗഷാദ് അധ്യക്ഷത വഹിക്കും.

ടി. സിദ്ദീഖ് എംഎല്‍എ, ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. കെ ഫാറൂഖ്, അസി. അമീറുമരായ എം.കെ മുഹമ്മദാലി, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബു, ജെ.എസ്.എസ് സി.ഇ.ഒ ഉമര്‍കോയ എന്നിവര്‍ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിര്‍വഹിക്കും.

പദ്ധതികളുടെ ഒന്നാംഘട്ട ധനസഹായ വിതരണവും പരിപാടിയല്‍വെച്ച് നടക്കും. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഡിസാസ്റ്റര്‍ സ്റ്റഡീസ് ഡിപ്പാര്‍മെന്റ് അസി. പ്രൊഫസര്‍ ഡോ. എസ്. മുഹമ്മദ് ഇര്‍ഷാദ്, ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി അപ്പച്ചന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഹമദ്, ജനതാദള്‍ ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി, സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോജിന്‍ ടി. ജോയ്, കേരള വ്യാപാര വ്യവസായ സമിതി വയനാട് ജില്ല സെക്രട്ടറി പ്രസന്ന കുമാര്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എം. മൊയ്തീന്‍കുട്ടി ഹാജി, ടി.പി യൂനുസ്, സി.കെ ഷമീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ശമീല്‍ സജ്ജാദ്, പ്രോജക്ട് ഡയറക്ടര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഡോ. വി.എം നിഷാദ്,  ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി യൂനുസ്, ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ സി.കെ ഷമീര്‍, പ്രോജക്ട് കോഡിനേറ്റര്‍ നൗഷാദ് ബത്തേരി തുടങ്ങിയവർ പ​ങ്കെടുത്തു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News