മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന ശബരിമലയില്‍ തട്ടിപ്പു നടത്തിയ സംഘം പിടിയില്‍
റെയ്ഡില്‍ 19,000 രൂപയും സിഗരറ്റ് പായ്ക്കറ്റുകളും, ഗസ്റ്റ് ഹൗസില്‍ റൂം ബുക്ക് ചെയ്തിന്റെ രേഖകളും കണ്ടെടുത്തു...
മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെ അയപ്പ ഭക്തര്‍ക്ക് സഹായം ചെയ്ത് നല്‍കി പണം തട്ടുന്ന രണ്ട് പേരെ സന്നിധാനത്ത് വിജിലന്‍സ് അറസ്റ്റ് ചെയ്തു. ആന്ധ്രാ സ്വദേശി എം രാമകൃഷ്ണ, പുനലൂര്‍ സ്വദേശി രാജന്‍ എന്നിവരെയാണ് ദേവസ്വം വിജിലന്‍സ് പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന തെലുങ്ക് വാര്‍ത്ത ഡെയ്‌ലി എന്ന പത്രത്തിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പണവും, സിഗരറ്റ് പായ്ക്കറ്റുകളും കണ്ടെടുത്തു.
ചൊവ്വാഴ്ച്ച രാവിലെ ചിലരെ അനധികൃതമായി തൊഴാന്‍ സൗകര്യം ചെയ്ത് നല്‍കവേയാണ് രാജനെ വിജിലന്‍സ് പിടികൂടുന്നത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തെലുങ്ക് വാര്‍ത്ത ഡെയ്‌ലി എന്ന പത്രത്തിന്റെ സന്നിധാനം ഓഫീസില്‍ പണമിരിപ്പുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 19,000 രൂപയും സിഗരറ്റ് പായ്ക്കറ്റുകളും, ഗസ്റ്റ് ഹൗസില്‍ റൂം ബുക്ക് ചെയ്തിന്റെ രേഖകളും കണ്ടെടുത്തു. മുറിയിലുണ്ടായിരുന്ന ആന്ധ്രാ സ്വദേശി എം രാമകൃഷ്ണയേയും രാജനേയും പിന്നീട് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
രാമകൃഷ്ണയുടെ പക്കല്‍ നിന്ന് ദേവസ്വം ബോര്‍ഡിന്റേതടക്കമുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെടുത്തു ദേവസ്വം ബോര്‍ഡ് ദര്‍ശന്‍ കോഡിനേറ്റര്‍ എന്നാണ് തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അനധികൃത സഹായം ചെയ്ത് നല്‍കുകയാണ് സംഘമെന്നാണ് സൂചന.