ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘം അന്വേഷിക്കും
നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ ഉടന്‍ ചോദ്യം ചെയ്യും
കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം സെൻട്രൽ എസിപി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് അന്വേഷണച്ചുമതല. സൈബർ സെൽ അംഗങ്ങളും സംഘത്തിലുണ്ട്. അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.
അതേസമയം നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ ഉടന്‍ ചോദ്യം ചെയ്യും. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളും ചേര്‍ത്തിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്‍റെ തീരുമാനം.
ബോബി ചെമ്മണ്ണൂരിന്‍റെ അശ്ലീല പരാമര്‍ശത്തിന് പിന്നാലെ പലരും സമാനമായരീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഹണി റോസിന്‍റെ പരാതിയിലുണ്ട്. മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബോബി ചെമ്മണ്ണൂര്‍. ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തി. അവൾക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് ഹണി റോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു.