പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ നിര്‍മ്മാണം നടക്കില്ല. ഇത് ഐഒസി അംഗീകരിച്ചിട്ടുണ്ട്.
പുതുവൈപ്പിലെ ഐഒസി പ്ലാന്‍റ് ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. പ്ലാന്‍റിന്‍റെ നിര്‍മ്മാണം തത്കാലം നിര്‍ത്തിവെയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊലീസ് നരനായാട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.
ഐഒസി പ്ലാന്‍റിന്‍റെ നിര്‍മ്മാണം ഉപേക്ഷിക്കുക, ജനങ്ങളെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരസമിതി നേതാക്കള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മാത്രമല്ല പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇപ്പോഴത്തെ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വ്യക്തമാക്കി. 2010 ജൂലൈ അഞ്ചിന് ലഭിച്ച പാരിസ്ഥിതിക അനുമതി അനുസരിച്ചാണോ നിര്‍മ്മാണം നടക്കുന്നതെന്ന് പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ യതീഷ് ചന്ദ്രക്കെതിരെ സിപിഐയും വിഎസും ഉന്നയിച്ച വിമര്‍ശങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.