ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്കാരം പാളുന്നു
അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കും വരെ ഡ്രൈവിങ്ങ് പരീക്ഷ ബഹിഷ്കരിക്കാനാണ് ഡ്രൈവിങ്ങ് സ്കൂളുകളുടെ തീരുമാനം.
വാഹനാപകടം കുറക്കാന്‍ ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ നടപ്പാക്കിയതാണ് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്കാരം. എന്നാല്‍ അടിസ്ഥാന സൈകര്യങ്ങളുടെ അഭാവം ഇതിന് കടുത്ത വെല്ലുവിളിയാവുകയാണ്.
സംസ്ഥാനത്ത് 72 ആര്‍ടി ഓഫീസുകളില്‍ നാലിടത്ത് മാത്രമാണ് കമ്പ്യൂട്ടറൈസ്ഡ് പരീക്ഷാ സംവിധാനമുളളത്. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കും വരെ ഡ്രൈവിങ്ങ് പരീക്ഷ ബഹിഷ്കരിക്കാനാണ് ഡ്രൈവിങ്ങ് സ്കൂളുകളുടെ തീരുമാനം.
സംസ്ഥാനത്ത് ഡ്രൈവിങ്ങ് ലൈസന്‍സ് പരീക്ഷക്കായി ഏഴ് പരിഷ്ക്കാരങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയത്. കയറ്റത്തില്‍ നിര്‍ത്തി വാഹനം മുന്നോട്ട് എടുക്കുക, വാഹനം പിന്നിലേക്ക് എടുത്ത് പാര്‍ക്ക് ചെയ്യുക എന്നിവയാണ് ഇതില്‍ പ്രധാനം. ഇതുപ്രകാരം നടത്തിയ പരീക്ഷയില്‍ ഭൂരിഭാഗം പേരും പരാജയപ്പെട്ടു. പരീക്ഷാ കേന്ദ്രങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യമായ സൌകര്യം ഒരുക്കാത്തതാണ് കൂട്ടത്തോല്‍വിക്ക് കാരണമെന്നാണ് ആരോപണം. ഗ്രേഡിയന്‍റ് ടെസ്റ്റിന്‍റെ ഭാഗമായുളള റാംപ് സംവിധാനം 65 കേന്ദ്രങ്ങളിലുമില്ല. ഇവിടെയെല്ലാം പൊതുനിരത്തില്‍ ടെസ്റ്റ് നടത്താനാണ് നിര്‍ദേശം.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിലപാടില്‍ പ്രതിക്ഷേധിച്ച് ഇന്ന് മുതല്‍ ഡ്രൈവിങ്ങ് പരീക്ഷ ബഹിഷ്ക്കരിക്കാനാണ് സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്കൂളുകളുടെ തീരുമാനം. ഇത് പരിഷ്കാരം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും പറയുന്നു.