എല്‍ഡിഎഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും

Update: 2018-02-19 12:55 GMT
Editor : admin
എല്‍ഡിഎഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും
Advertising

സിപിഎമ്മും മറ്റു ഘടകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളാണ് ഇന്ന് തുടങ്ങുക.

Full View

എല്‍ഡിഎഫില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും. സിപിഎമ്മും മറ്റു ഘടകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളാണ് ഇന്ന് തുടങ്ങുക.
ഏപ്രില്‍ അഞ്ചിന് ചേരുന്ന എല്‍ ഡി എഫ് യോഗത്തിന് മുമ്പായി സീറ്റുവിഭജനത്തില്‍ സമവായത്തിലെത്താനാണ് ശ്രമം.

രണ്ട് തവണ വീതം എല്‍ഡി എഫ് ചേരുകയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടും സീറ്റുതര്‍ക്കം തുടര്‍ന്നതോടെയാണ് വീണ്ടും ഉഭയകക്ഷി ചര്‍ച്ച വേണ്ടിവന്നത്. മുന്നണിയിലേക്ക് പുതുതായി വന്നവര്‍ക്ക് നല്‍കാനുള്ള സീറ്റുകള്‍ കണ്ടെത്തുന്നതിലാണ് തര്‍ക്കം. ആറ് സീറ്റുകള്‍ അധികമായി കണ്ടെത്തണം. തങ്ങള്‍ക്ക് മാത്രമായി നഷ്ടം സഹിക്കാനാകില്ലെന്നും ഘടകകക്ഷികള്‍ വിട്ടുവീഴ്ച ചെയ്യണമെന്നുമാണ് സിപിഎം നിലപാട്.
രണ്ട് സീറ്റുകള്‍ അധികം ചോദിച്ച സിപിഐയോട് അത്രയും സീറ്റുകള്‍ വിട്ടുനല്‍കാനാണ് സിപിഎം ആവശ്യപ്പെട്ടത്.

എന്നാല്‍ മുന്‍പ് മുന്നണി വിട്ടുപോയ കക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുത്ത സിപിഎം ഇപ്പോള്‍ ആ സീറ്റുകള്‍ വിട്ടുനല്‍കട്ടെയെന്നാണ് സിപിഐയുടെ നിലപാട്.
ഇരവിപുരം സീറ്റിലും വയനാട്ടിലെ ഒരു സീറ്റിലും സിപിഐ കണ്ണുവെക്കുന്നു. ഒരു സീറ്റെങ്കിലും വിട്ടുനല്‍കണമെന്ന നിര്‍ദേശത്തോടും സിപിഐ വഴങ്ങിയിട്ടില്ല.
നാളെയാണ് സിപിഐയുമായുള്ള ചര്‍ച്ച. അധിക സീറ്റിനായി രംഗത്തുള്ള ജനതാദള്‍ എസ്, കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ്, സിഎംപി അരവിന്ദാക്ഷന്‍, കോണ്‍ഗ്രസ് എസ് എന്നീ കക്ഷികളും അതൃപ്തിയിലാണ്. ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമെ മുന്നണിക്ക് പുറത്ത് നില്‍ക്കുന്ന ഐ എന്‍ എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് തുടങ്ങിയവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. തിരുവനന്തപുരം സീറ്റിന്റെ കാര്യത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസും സ്കറിയ തോമസ് വിഭാഗവും തമ്മില്‍ പ്രശ്നമുണ്ട്.
ഗൌരിയമ്മയും സീറ്റ് ആവശ്യവുമായി രംഗത്തുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News