ആഭ്യന്തര കലഹത്തിനിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍
സംഘടനാ തെരഞ്ഞെടുപ്പാണ് യോഗത്തിന്‍റെ പ്രധാന അജണ്ട
കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലക്കാട്ടെ തോല്‍വിക്ക് പിറകേ നേതാക്കള്‍ തമ്മിലടി തുടരുമ്പോഴാണ് യോഗം ചേരുന്നത്. സംഘടനാ തെരഞ്ഞെടുപ്പാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. പാലക്കാട്ടെ തോല്‍വിയും യോഗത്തില്‍ ചർച്ചയാകും.
സി. കൃഷ്ണകുമാറിനും കെ. സുരേന്ദ്രനുമെതിരെ പാലക്കാട്ടെ നേതാക്കള്‍ പരസ്യവിമർശനം ഉയർത്തിയ സാഹചര്യത്തില്‍ യോഗത്തിലും സമാന രീതിയില്‍ വിമർശനത്തിന് സാധ്യതയുണ്ട്. സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് പിറക അടുത്ത അധ്യക്ഷനാകാനുള്ള ചില നേതാക്കളുടെ ചരടുവലികളും സജീവമായതോടെ ബിജെപി വലിയ സംഘടനാ പ്രതിസന്ധിയാണ് നേരിടുന്നത്.
അതേസമയം പാലക്കാട്ടെ തോൽവിയിൽ ബിജെപി ജില്ലാ , പ്രദേശിക നേതാക്കൾക്ക് എതിരെ നടപടിക്ക് സാധ്യത കുറഞ്ഞു. അച്ചടക്ക നടപടി ഉണ്ടായാൽ നഗരസഭ കൗൺസിലർമാർ കൂട്ടത്തോടെ രാജി വച്ചേക്കും. സന്ദീപ് വാര്യർക്കെപ്പം നിൽക്കുന്നവർ പാർട്ടി വിടുമെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.
സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മറച്ച് വയ്ക്കനാണ് നഗരസഭ ഭരണത്തിൽ പഴിചാരുന്നതെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കളുടെ അഭിപ്രായം . നടപടി ഉണ്ടായാൽ പാലക്കാട് നഗരസഭ കൗൺസിലർമാർ കൂട്ടത്തോടെ രാജി വച്ചേക്കും . ഇത് ബിജെപിയുടെ നഗരസഭ ഭരത്തെ തന്നെ ബാധിക്കും. അതിനാൽ പെട്ടെന്നുള്ള അച്ചടക്ക നടപടി ഉണ്ടാകാൻ ഇടയില്ല . മാത്രമല്ല സന്ദീപ് വാര്യരുമായി അടുപ്പമുള്ള നേതാക്കൾ ബിജെപി വിടാനും സാധ്യതയുണ്ട്. തോൽവിയുടെ പേരിൽ നടപടി ഉണ്ടായാൽ കൂട്ട പൊട്ടിത്തെറിയിലേക്ക് പോകും . കെ. സുരേന്ദ്രനും സി. കൃഷ്ണകുമാറിനും എതിരെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകും.